Thursday, December 7, 2006

നിറനിലാവുകളുടെ ക്രിസ്തുമസ്‌

കര്‍ണാടകയിലെ പുതുവര്‍ഷാരംഭത്തിന്‌ "ഉഗാദി"യെന്നാണു പേര്‍. IT boomingഉം multi-city adaptationഉം ഒക്കെയുണ്ടെങ്കിലും ഓരോ കന്നഡിഗനും ഇന്നും ഉള്ളിന്റെയുള്ളില്‍, കൈക്കോട്ടുമേന്തി വരമ്പത്തു നിന്നിറങ്ങുന്ന ആ പഴയ കര്‍ഷകനാണ്‌. അതിനാലാവണം, പുതുവര്‍ഷദിനത്തില്‍, എല്ലാ ഫലങ്ങളും അരച്ചു ചേര്‍ത്ത്‌ ഒരിനം നമുക്കവര്‍ കുടിക്കാന്‍ തരും. "സാംസ്കാരികദ്യുതി"യും "ഇന്‍ഡ്യയെ തൊട്ടറിയലും" ഒക്കെ ഉള്ളിലോര്‍ത്തു വാരി വലിച്ചു കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാമറിയുന്നു, ഇതിനു മധുരമില്ലായെന്ന്!
അവിടെ തുടങ്ങുന്നു ശരാശരി മലയാളിയുടെ ഞെട്ടല്‍....എന്തേ മധുരിമയേറിയ ദിനത്തില്‍ വിളമ്പുന്നതിന്‌ മധുരമില്ലാത്തത്‌?
ഭാഷാഭേദങ്ങള്‍ക്കപ്പുറം ജിജ്ഞാസയേറുമ്പോള്‍ തല മുതിര്‍ന്നവരോട്‌ നാമാരാഞ്ഞെന്നു വയ്ക്കുക..നരച്ച പുരികങ്ങള്‍ മുകളിലേക്കുയര്‍ത്തി,സ്വതേ ചുളിഞ്ഞ നെറ്റിത്തടത്തില്‍ വീണ്ടുമായിരം ചുളിവുകള്‍ വീഴ്ത്തി അവരഭിമാനത്തോടെ പറയും "മധുരം നോക്കിയല്ല സാര്‍, ഞങ്ങളുടെ വിയര്‍പ്പിനെ നോക്കി ഒന്നു കൂടി പറയൂ.." ചോദിക്കാനുള്ള ചോദ്യങ്ങളത്രയും വെട്ടിമൂടി നാമതു പിന്നെ വലിച്ചു കുടിക്കും. കാരണം ആ മുഖങ്ങളില്‍ നാം കാണുന്നത്‌ ഏതോ കടപ്പാടോ ഔദാര്യമോ ദാനമോ,നല്‍കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഉള്ള ഔദ്ധത്യമോ നിസ്സംഗതയോ അല്ല, പിന്നെയോ അവനുയിര്‍ കൊടുത്തും വേര്‍പ്പൊഴുക്കിയും ഇക്കഴിഞ്ഞ വത്സരം സൃഷ്ടിച്ചത്‌ എനിക്കു കൂടി(ഓര്‍ക്കുക! ഞാന്‍ വെറുമൊരു വരത്തന്‍!) പങ്കു വയ്ക്കുന്നതിന്റെ സന്തോഷമാണ്‌; അഭിമാനമാണ്‌.
ഇത്‌ ഡിസംബര്‍!!
നിലാവലകളുടെ താരാട്ടില്‍ പ്രകൃതി
പൂഴിയെപ്പോലും താലോലിച്ചുറക്കുന്ന രാത്രികള്‍!
ശിശിരക്കുളിരില്‍ ആയിരമായിരം കിളിനാദങ്ങള്‍
അനന്തതയില്‍ ഒഴുകി നീങ്ങും പ്രഭാതങ്ങള്‍!
എത്ര രസമാണെന്നു നോക്കുക...........
രാത്രിമഴകളിലെ മഞ്ഞു വീണു കുതിര്‍ന്ന പുല്‍പ്പടര്‍പ്പുകള്‍ കടന്ന്, തുഷാരത്തിരശീലകള്
‍മങ്ങി വിതുമ്പുന്ന ദേവാലയദീപങ്ങളെ നോക്കി
നടന്നു തീര്‍ത്ത എത്രയെത്ര പ്രഭാതങ്ങള്‍!
ഒത്തിരി തണുത്തു ചുരുങ്ങി ഒരു മരച്ചോട്ടിലെത്തുമ്പോളേതോ
സുഹൃത്താട്ടി വിട്ട ചില്ലകള്‍പൊഴിച്ച തുഷാരബിന്ദുക്കളില്
‍നാമൊക്കെ എത്രയേറെ തരളിതരായിട്ടുണ്ട്‌!!
പള്ളിമണികളും നക്ഷത്രവിളക്കുകളും കേക്കുകളും!
ഇന്നും ഡിസംബറിന്റെ icon presentations ആയി
ഇവയത്രെ നമുക്കുള്ളില്‍ ഉയിര്‍ കൊള്ളുന്നത്‌.
അവധിക്കൂട്ടങ്ങളും കരോള്‍ഗാനങ്ങളും
പിരിവിന്നൊടുവിലെ കൂട്ടയടിയും പിന്നെയെവിടെയോ
ആരോ വച്ചുണ്ടാക്കിത്തരുന്ന കപ്പപ്പുഴുക്കും ചൂടുകാപ്പിയും!!
ഒന്നും മറക്കാനാവുന്നില്ല; അല്ലെങ്കിലും ക്രിസ്തുമസ്‌ മറവിയുതല്ലല്ലൊ.....
അതെന്നും ഓര്‍മ്മക്കുറിപ്പുകളുടേതാണ്‌.
അല്‍പ്പം കൂടി വ്യക്തമാക്കിയാല്‍ ഡിസംബര്‍ വെറുമൊരു ഓര്‍മ്മക്കുറിപ്പ്‌ മാത്രമാണ്‌; ഇന്നീ യുഗത്തിലെങ്കിലും!
ഓര്‍മ്മക്കുറിപ്പുകളിലും, സ്‌മരണ പുതുക്കലിലും ക്രിസ്തുമസുടഞ്ഞു പോകുന്നുവോ?
വെറുതെ തലയാട്ടേണ്ടാ അനുവാചകാ,
നിര്‍മമതയുടെ മൂടുപടത്തിലൊളിപ്പിച്ചു വച്ചിരിക്കുന്ന സത്വത്തെ വലിച്ചൊന്നിറക്കിക്കേ,
ഈ നനുത്ത പകല്‍ വെളിച്ചത്തിലേക്ക്‌! അതല്‍പ്പമൊരു ചൂട്‌ കൊള്ളട്ടെ!
ഏറെ നാളായില്ലേ, ജീവിതസുരക്ഷയും, ആധുനികതയും, ജീവന കലയുമൊക്കെ പറഞ്ഞു നാമോരോരുത്തരും സ്വയം മൂടി വയ്‌ക്കാന്‍ തുടങ്ങിയിട്ട്‌!
എത്ര നാളായി മനസ്സറിഞ്ഞൊന്നു തണുത്തിട്ട്‌!
എന്നെ വായിക്കുന്നോരെ, ഓര്‍ത്തെടുക്കാനാവുന്നുണ്ടോ,
എന്നാണ്‌ ഏറ്റവുമവസാനം താങ്കള്‍ മനസ്സറിഞ്ഞൊന്നു കരഞ്ഞതെന്ന്‌!
കരയാന്‍ പോലും നാമിപ്പോള്‍ പേടിക്കുന്നു;
നാം നേടിയ അറിവുകള്‍ നമ്മെ കരയാന്‍ പോലുമനുവദിക്കുന്നില്ല.
ഇതു തന്നെയാണ്‌ നമ്മുടെ ഓരോ ക്രിസ്തുജനനത്തിലും സംഭവിക്കുന്നത്‌.
എത്രയെത്ര രാത്രിക്കുളിരുകളില്‍, നമ്മുടെ പള്ളിമുറികളില്‍ ആ പാതിരിമാര്‍ "ക്രിസ്തു ജനിച്ചു"വെന്നാര്‍ത്തു പാടി. നമ്മളിലെത്ര പേര്‍ക്ക്‌ തോന്നി അവന്‍ ജനിച്ചുവെന്ന്‌! (അവന്‍ ജനിച്ചിരുന്നോ എന്നു പോലും ഇഴ കീറി ചികയുന്ന ബാല്യങ്ങളുടെ നാട്ടില്‍, നമുക്കും വേണ്ടേ ഒരു ചോദ്യം എന്ന് അല്ലേ....) പാവം ക്രിസ്തു.. ഇന്നവന്‍ ജനിക്കുകയല്ലല്ലോ...ജനിപ്പിക്കുകയല്ലേ നമ്മള്‍!
ഓരോ ഡിസംബറും നമ്മുടെ നാഥയ്ക്കു സിസേറിയനാ! ഉള്ളഴിഞ്ഞുയിര്‍ തന്നു നാഥനെ ലോകത്തിനേകാന്‍ ഇറങ്ങിയവള്‍, വീര്‍ത്ത ഉദരവും താങ്ങി, എന്റെ പടിവാതില്‍ക്കലും എത്തി തിരികെപ്പോയിട്ടുണ്ടാവും! അറിഞ്ഞോ അറിയാതെയോ ആട്ടിയകറ്റിയിട്ട്‌ നാമോരോ ഡിസംബര്‍ 25 നും ഉണ്ണീശോയെ വിളിക്കും;"വാ...വന്നു പിറക്ക്‌!" ചലമടിഞ്ഞ മനക്കോട്ടകളില്‍, ജീവിതവ്യഗ്രതയുടെ ഹൃദയ ഇടനാഴികളില്‍, മോഹാര്‍ത്തി പൂണ്ട തലച്ചോര്‍ കൊട്ടാരങ്ങളില്‍ പിറക്കാനാവാതെ വിഷമിക്കുന്നവനെ, പിന്നെ നമ്മള്‍ പിറപ്പിക്കുകയായി. "സിസേറിയനാണേലും കുഴപ്പമില്ല; അമ്മയില്ലേലും കുഴപ്പമില്ലാ......അവനൊന്നു പിറന്നാല്‍ മതി!" എതിരേല്‍ക്കാനുള്ള കൊതിയല്ലിത്‌, അപ്പുറത്തെ വീട്ടിലവന്‍ പിറന്നെങ്കില്‍ ഇവിടെയുമവന്‍ പിറന്നേ തീരൂ.......ക്രൈസ്തവശാഠ്യം! പത്രോസുമാര്‍ ഇന്നും ജീവിച്ചിരിക്കുന്നു.
പിറന്നാലുമില്ലെങ്കിലും പട്ടുതുണിയിലൊരു മണ്‍കട്ട പൊതിഞ്ഞു തൊട്ടു വണങ്ങി നാമൊക്കെ അവന്റെ ഓര്‍മ്മ ആഘോഷിക്കും. അതേ..സ്‌മരണദിനം! നമുക്കെത്ര പേര്‍ക്കു ഗാന്ധിയോടു സ്‌നേഹം തോന്നിയിട്ടുണ്ട്‌ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍? ഗാന്ധിജയന്തികള്‍ കലണ്ടര്‍ക്കോളങ്ങളിലെ ചുവപ്പുകട്ടകള്‍ മാത്രമാണല്ലോ? അതു പോലൊരു ഓര്‍മ്മയാണോ നമുക്കൊക്കെ ഇന്നു ക്രിസ്തുമസ്‌? ഡിസംബര്‍ 25 = ക്രിസ്തു ജനിച്ചു ; നമുക്കതു വേറൊരു അവധിദിനം മാത്രമായി പോകുന്നുവോ?
ക്രിസ്തുമസ്‌ ഇന്നു ഉത്‌സവങ്ങളുടെ ദിനമാണ്‌. മുമ്പ്‌ പറഞ്ഞതു പോലെ നക്ഷത്ര വിളക്കുകളും കരോള്‍ ഗാനങ്ങളും കേക്ക്‌ കഷണങ്ങളും! ജനിച്ചവനെയാരും തിരിച്ചറിയുന്നില്ലയോ? പലപ്പോഴും പിള്ളക്കച്ചയില്‍ 12 മണിക്ക്‌ പിറക്കുന്ന ഉണ്ണീശോ, പുലര്‍ച്ചകളില്‍ പൊട്ടിയ മദ്യക്കുപ്പികള്‍ക്കിടയില്‍, പേപ്പട്ടികള്‍ക്കിരയായി, മാംസപിണ്ഡമായി മാറിപ്പോകുന്നു. ഡിസംബറിന്റെ ശാപം അതൊരു ഓര്‍മ്മക്കുറിപ്പ്‌ മാത്രമാണെന്നുള്ളതത്രെ!
കന്നഡിഗനിലെ കര്‍ഷകനെ മറന്നുവോ?...മറക്കരുത്‌...
നാമോരോരുത്തര്‍ക്കുമായി വിലയേറിയതൊന്നു ചൊല്ലിത്തരുന്നുണ്ടവന്‍!
ക്രിസ്തു !! .............................നാഥനായും രാജാവായും എല്ലാത്തിനുമുടമയുമായി ഉന്നതികളില്‍ നിറക്കൂട്ടുകളില്‍ നാം കണ്ട ദൈവദര്‍ശനം! അപ്പത്തിന്റെ നിസ്സാരതയും, വീഞ്ഞിന്റെ പങ്കുവയ്കലും മറന്നിട്ടല്ലിതു പറയുക; എങ്കിലും മിക്കപ്പോഴും ക്രിസ്തു നമുക്കു രാജാവ്‌ മാത്രമായിപ്പോകുന്നു. ബഹുമാനപ്പെട്ട പ്രസിഡണ്ട്‌ അബ്‌ദുള്‍ കലാമും ഞാനുമായി എന്തു ബന്ധം? അദ്ദേഹം ഭരിക്കുന്നു; ഞാന്‍ ഭരിക്കപ്പെടുന്നു; അതിനും മുകളില്‍? ഒന്നുമില്ല, അദ്ദേഹത്തിനെന്തു പറ്റിയാലും എനിക്കൊന്നുമില്ല. കാരണം അദ്ദേഹം എന്റെയാരുമല്ലെന്നതു തന്നെ! ഇതാണോ എനിക്കും നിനക്കും ക്രിസ്തു? നമ്മുടെ കുറവുകളറിഞ്ഞവന്‍, നമുക്കും അവനുമിടയിലുണ്ടായേക്കാവുന്ന ഈ വഴിയകലവും മുന്‍പേ കണ്ടു. അതു കൊണ്ടാണല്ലോ , ഓരോ ക്രിസ്തുമസിലും അവനെന്നില്‍ വീണ്ടും ജനിക്കുന്നുവെന്ന സത്യം നിത്യഹരിതമായിരിക്കുന്നത്‌!! അവിടെ അവന്‍ എന്റേതാകുന്നു, ഉണ്ണീശോ എനിക്കുള്ളില്‍, എന്റെ ശുശ്രൂഷയ്ക്കായി, എന്റെ പരിലാളനയ്‌ക്കായി എന്നെക്കാത്തിരിക്കുന്നു. ബന്ധങ്ങളുടെ ഊഷരഭൂമികളില്‍ കാലയാപനം നടത്തുന്നവര്‍ക്കും പറയാം, "ഇതാ, എനിക്കും സ്‌നേഹിക്കാനൊരാള്‍" എന്ന്!
കര്‍ഷകനെപ്പോലെ, ഇക്കഴിഞ്ഞ നാളിലത്രയും അവന്‍ നമുക്കു പിറകെ അദ്ധ്വാനിച്ചു;വിയര്‍പ്പൊഴുക്കി. നമ്മളവന്‌ എത്ര ഗത്‌സമെനികളൊരുക്കി! പേപ്പട്ടിയെപ്പോലെ പുറകെയലഞ്ഞവന്‌ അവസാനം കണ്ടുമുട്ടുമ്പോള്‍ അഭിമാനത്തോടെ പകര്‍ന്നു നല്‍കാനുള്ളത്‌ മധുരമല്ല; സ്വര്‍ഗമാണ്‌....തന്നെത്തന്നെയാണവന്‍ എനിക്കു നല്‍കുക! അതു കൊണ്ടു തന്നെ ഓരോ ക്രിസ്തുമസും പങ്കുവയ്പിന്റേതാകുന്നു; ഇല്ലായ്‌മകളുടേതും ശൂന്യവല്‍ക്കരണത്തിന്റേതുമാകുന്നു.
ഇതത്രയും വായിച്ചു ചവച്ചു തുപ്പി പേജു മറിക്കുമ്പോള്‍ നിനക്കു കിട്ടുന്ന സംതൃപ്തിയിലൊരു മാത്ര ആ പരി.അമ്മയെക്കൂടി ഒന്നോര്‍ക്കുക. ഇപ്പറഞ്ഞതെല്ലാം ജീവിച്ചു കാണിച്ചതാണവള്‍! രക്ഷകനെയും രക്ഷയേയും ലോകത്തെയും ദൈവത്തിനൊപ്പം നോക്കി നടന്നു കണ്ടവള്‍! സഹരക്ഷകയ്‌ക്കപ്പുറം രക്ഷയുടെ ഓരോ ഘട്ടത്തിലും പുത്രന്‌ വഴികാട്ടിയായവളാണ്‌ അമ്മ. അല്ലെങ്കിലും ദൗത്യങ്ങള്‍ക്കു വഴി കാട്ടാനാണല്ലോ ഈ ലോകത്തിലെല്ലാ അമ്മമാരുടെയും വിധി!! എന്റെയും നിന്റെയും അമ്മയായവളെ, ഒന്നുമാഗ്രഹിക്കാതെ രക്ഷകന്റെ ജനനമധുരത്തിലും പേറ്റുനോവളന്നു തീര്‍ത്തവളെ, നമുക്കോര്‍ക്കാം. അവള്‍ക്കന്നും ഇന്നും ഡിസംബര്‍ വേദനയുടേതാണ്‌...പേറ്റുനോവിന്റേതാണ്‌. രക്ഷ പിറക്കുന്നതിന്റെ കൊടിയ വേദന! അതു കൊണ്ടു തന്നെ ഈ ക്രിസ്തുമസ്‌ സഹനങ്ങളുടേതുമാണ്‌.നമ്മുടെ വേദനകള്‍ക്കു നേരെ ഈ ഒരു മാസമെങ്കിലും വേദനാസംഹാരികള്‍ നമുക്ക്‌ തേടാതിരിക്കാം. ഒന്നു സഹിക്കാന്‍ പഠിച്ചു നോക്കാം നമുക്ക്‌! അമ്മയ്‌ക്കൊപ്പമാണിത്തവണ ഞാന്‍ എന്റെ രക്ഷകനെ സ്വീകരിക്കുന്നതെങ്കില്‍, ഇനി എന്റെ ഓരോ ജീവിതത്തുരുത്തിലും, അവളുമവനും എനിക്കു കൂട്ടായിരിക്കും! ഇതിലുമുപരിയായി എന്തു കൂട്ടാണു സോദരാ, നമുക്ക്‌ വേണ്ടത്‌?
ഹോ.......പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങി..
വിളക്കുകളും തെളിഞ്ഞു...
പറഞ്ഞേറെ നേരം പോയി
നമുക്കുമവനെ സ്വീകരിക്കാന്‍ പോകാം..
ജനിപ്പിക്കാനല്ല,ഹൃദയത്തില്‍ അവന്‍ ജനിക്കാനായി...
കാത്തിരിപ്പിന്റെ നുറുങ്ങു വെട്ടവും പേറി..!!

No comments: