Saturday, December 23, 2006

ബലിച്ചോറുരുളകള്‍ക്ക്‌..

വീണ്ടും ഞാന്‍ ഒന്നു മടങ്ങിപ്പോകുകയാണ്‌.
എന്നു വരുമെന്നു പറയുന്നില്ല;
അറിയില്ലാത്തതു കൊണ്ടാണെന്നു വച്ചോളൂ!

എന്റെ ജാതകം തേടുവാനിനിയെത്തുന്നോനോട്‌
അതു കടല്‍ വിഴുങ്ങിപ്പോയെന്നു പറയൂ!
എന്റെയല്ലാത്ത കഥാപ്പുസ്തകങ്ങളും പേറി,
നിഴലുകളെന്നെ,യെന്തു ചെയ്‌തെന്നാരായുവോന്‌,
"നെരൂദാക്കവിതകളുടെ" ഒരു കോപ്പി നല്‍കൂ!
നാളെ അവനും നിഴലിനെ പഠിച്ചേക്കാം.

പ്രിയപ്പെട്ട സഞ്ചാരീ,
ഓരോ നിഴല്‍ക്കൂത്ത്‌ കഴിയുമ്പൊഴും,
ചിത്രവധനാടകങ്ങള്‍ക്കു ശേഷവും ,
നിറനിലാവുകളുടെ വേഷപ്രശ്ചന്നങ്ങള്‍ക്കൊടുവിലും,
പിന്നെ,മരിക്കാതെ ജീവിക്കുന്ന ഒാരോ കൂട്ടുമുഖങ്ങള്‍ക്കു മുന്‍പിലും...
എനിക്കു വല്ലാതെ നോവുന്നു;
അതോ കുളിരുന്നോ???
എനിക്കൊട്ടും വയ്യാ...
ഇങ്ങനെ അഭിനയിച്ചു ചിരിച്ച്‌ഞാന്‍ മടുത്തു കൂട്ടുകാരാ........
എനിക്കിങ്ങനെ ഒരു മഴനിലാവ്‌..
ഇത്തരമൊരു നീലാകാശം..
അഴുക്കു നിറഞ്ഞു പതഞ്ഞ ഈ മണ്ണ്‌..
ആര്‍ത്തിപ്പണ്ടാരങ്ങളുടെ ക്രിസ്തുമസ്‌..
ശവക്കൂട്ടങ്ങളുടെ ഓണവെയില്‍...
ഒരിക്കലും എനിക്കു രുചിച്ചെടുക്കാനാവാത്ത,ആലിപ്പഴക്കൂട്ടങ്ങള്‍...
ഒടുവിലെവിടെയോ,എന്റെ പേരിലെഴുതപ്പെടും
അവസാനത്തെ "ആറടി" ഇടപാട്‌.
ഇതൊന്നും എനിക്കു വേണ്ടാ....

കഴിയുമെങ്കില്‍ എനിക്കു നീ ഒരല്‍പ്പംസമയം കടം തരുമോ?
അല്‍പ്പം കൂടി തീര്‍ക്കാനുണ്ട്‌;
ഞാനൊരല്‍പ്പം കൂടി തീരാനും....ദഹിച്ച്‌!

ഇനി ഒരു പുതുമഴയ്ക്കും ഞാനാം തകര,
ഉയരാതിരിക്കട്ടെ..
ഒരിക്കലുമിനി ഫീനിക്സുകളുയിര്‍ക്കാതിരിക്കട്ടേ,
നിലാവുകളിനി ഒരു താരത്തെയും പെറാതിരിക്കട്ടെ..
എന്തു കൊണ്ടെന്നാല്‍,ഇന്നിവിടെ എല്ലാം ഏറെയായിരിക്കുന്നു;
തകരകളും, താരങ്ങളും ഉന്നതികളിലെഫീനിക്സുകളും!!

പോകട്ടേ സഖേ, മഴ പെയ്തു തോര്‍ന്നു..
ഇനി വൈകുവാന്‍ ന്യായമില്ല..
തിരികെയെത്താന്‍ പാതയോരങ്ങളിലെഅടയാളക്കുറ്റികളുമില്ല...
തീരം എന്നെ വിളിക്കുന്നു..
അവസാനമായി ഒന്നു ചൊദിച്ചോട്ടേ,
എനിക്കു നീയെങ്കിലും കൂട്ടുകാരനായിരുന്നോ?
അക്ഷമ തിങ്ങിയ മിഴികളിലൊരായിര,മുത്തര-
-മൊളിപ്പിച്ചു നീ കഷ്ടപ്പെടേണ്ട..
എന്നെ അടക്കിയിട്ടു പ്രിയപ്പെട്ടവള്‍ക്കുമ്മ നേരാന്‍..!!
ഒത്തിരി വൈകി ..അല്ലേ!!

ശുഭയാത്ര..
പേരറിയാത്തീരങ്ങളിലേക്കുഊളിയിട്ടു പോയ സഞ്ചാരികള്‍ക്ക്‌!!

1 comment:

Satheesh said...

സഞ്ചാരീ, കവിത എനിക്കിഷ്ടമായീന്ന് പറഞ്ഞാല്‍ ഞാന്‍ എന്നോട് തന്നെ പറയുന്ന ഒരു നുണയായിരിക്കും! അതേസമയം ഇത് നന്നായില്ലാന്ന് പറയാനുള്ള വിവരം എനിക്കില്ലാതാനും! ഏതായാലും എഴുത്ത് തുടരുക.
കവിതയുടെ ആദ്യഭാഗത്ത് കൂട്ടുകാരനെ അഭിസംബോധന ചെയ്തപ്പോള്‍, അവസാനഭാഗത്ത് അത് സഖി ആയിപ്പോയത് എന്റെ കാഴ്ചക്കുറവാണോ അതോ...!
ഒന്നു രണ്ടിടത്ത് അക്ഷരപ്പിശാചും കയറിയിട്ടുണ്ട്!