Saturday, July 16, 2011

ധ്വനി - എന്തിനെത്തി ?

കണ്ണീര്‍ പുരണ്ട വാക്കുമുറികളെ തുന്നിച്ചേര്‍ക്കാന്‍ പോലുമാവാതെ തേങ്ങിയൊരു അസനിഗ്ദ്ധമാം ബാല്യമുണ്ടെനിക്ക്;
പറ്റുകടയിലെ മിട്ടായി ഭരണികളില്‍ എന്റെ സ്വപ്നങ്ങളുടെ ഫ്രെയിം എന്നുമുറങ്ങിയുണര്‍ന്നൊരു കാലം!
വാ കീറിയ ദൈവമെവിടോ എനിക്കായിട്ട ഇരയും തേടി നടനം തുടങ്ങവേ ,അക്കൌണ്ടില്‍ ബാക്കിയായ കൌമാര കുസൃതികളില്‍ എല്ലാരേയും പോലെ ഞാന്‍ എന്നിലെ പ്രണയിയെ ചങ്ങലയ്ക്കിട്ടു !
എന്നിട്ടെന്താവാന്‍?
വര്‍ഷപരീക്ഷയ്ക്ക് ഉറക്കം ശത്രുവായ പോലെ എന്നെ വേട്ടയാടി വാക്കുകള്‍;
പുണരാന്‍ കൊതിയെങ്കിലും പുലര്‍ച്ച പേടിച്ച ജാരനായി ഞാന്‍ ,ഇന്നും വാക്കിനപ്പുറത്തെ പുഴവക്കില്‍ ആരോ കെട്ടിയ ബ്ലോഗ്ഷേടുകളില്‍ , എന്റെ വിലാപങ്ങള്‍ വിഴുങ്ങും നൌക കാക്കുന്നു!
ഒരു തരത്തിലതുമൊരു പകല്‍ നോട്ടക്കാരന്‍ തന്നെ സുഹൃത്തേ !
അദൃശ്യവരം പോലാ മഷിതണ്ടിന്നും ഉണര്‍ന്നിരിക്കുന്നു;
അതെന്നെ എഴുതാന്‍ മോഹിപ്പിക്കുന്നു;
വല്ലാതെ!

ധ്വനി - വൈകി എത്തിയത് !

ഞാന്‍ എന്റെ വഴികളോട് കലഹിച്ചു ഒറ്റയ്ക്ക് നടന്നു;
വഴിയുടെ കൂട്ടില്ലാതെ !
ഒടുവില്‍ ഞാന്‍ നടന്നു നടന്നു ഉണ്ടാക്കിയെടുക്കുന്നതും ആയിരക്കണക്കിന് വഴികളില്‍ ഒന്ന് മാത്രമെന്ന തിരിച്ചറിവില്‍
എന്റെ വഴിത്തണലില്‍ ഞാന്‍ ഉടമ്പടിപത്രം ഒപ്പിട്ടു;
അങ്ങനെയാണ് ഞാന്‍ എഴുതുകാരനായത്!
കള്ളന്‍ പവിത്രനാകാതെ പോയത് !

മൌനമാസം!

വ്യാകരണക്കൂട്ടിലെ വടിവ് കാക്കാന്‍ കൊതിചൊടുവില്‍
വാക്ക് പോലും വക്കു പൊട്ടി വീണുടയുന്നിടത്താനെന്റെ ഭാവന!
ഞാന്‍ കൊതിക്കുന്നതൊന്നും
എഴുതി മാറുന്നത് മറ്റൊന്നുമാകുമ്പോള്‍
ചിന്തകള്‍ക്ക് അവധി കൊടുത്തീ ജന്മ-സായാഹ്നത്തിന്റെ
നരച്ച കമ്പിളി പുതച്ചു അരണ്ട വെളിച്ചത്തിലേയ്ക്കു
ഞാനീയിടെയായി പതിവ് യാത്രക്കാരനാകുന്നു!
എന്നെ അറിയുന്നവരാരുമില്ലാത്ത
തീവണ്ടി മുറിയില്‍ പുലരി കാക്കുന്നു;
ചിരി നഷ്ടപ്പെട്ട വരണ്ട ചുണ്ടുകള്‍ക്കിടയില്‍
എന്റെ വ്രണിത യൌവനം ധാര കോരി
മറന്നു തുടങ്ങിയ ലുത്തിനിയകള്‍ ചിക്കിയുണക്കുന്നു!

അനുഭവങ്ങളില്ലാതിവിടുരുവാകില്ലൊരു സാക്ഷിയും കഥയും
സൂക്ത വിന്യാസങ്ങളുമെന്നു ശപിച്ച ആദിമ കഥാകാരാ ,
വിങ്ങി പിച്ചി പറിച്ചോടുവിലെന്നെയും അല്‍പ-പ്രാണനാക്കുന്നീ
വൈകുന്ഡ ജ്യാമിതിയിലെന്തേ പിറന്നു വീഴാത്തൂ
ഒരിറ്റു വാക്കെന്നെ ഒന്ന് തണുപ്പിക്കാന്‍,
ഒന്നണച്ചു മുകരാനൊരു വാക്ക്!