Wednesday, April 20, 2011

നടവഴികളില്‍ ഒരു പാവാടക്കാരി

എന്റെ ഓര്‍മ്മകൂട്ടില്‍ എന്നും തണുപ്പായി,
എന്റെ മരുഭൂമികളില്‍ പുതുമഴയായി,
എന്നിലെ പുല്ലു വളര്‍ന്നു മറഞ്ഞ നടവഴികളില്‍ ഒരു പാവാടക്കാരിയുണ്ടായിരുന്നു;
എനിക്ക് അവളെയും അവള്‍ക്ക് എന്നെയും ഏറെ ഇഷ്ടം !
മഷിതണ്ടിന്‍ കുളിരില്‍ ഞാന്‍ എന്നെ കളഞ്ഞു പോയ ബാല്യം
അവളെന്നില്‍ പുനര്‍ജനിപ്പിച്ചു;

എവിടോ വീണുടഞ്ഞൊരു കളികോപ്പിന്‍ ചിലമ്പല്‍ ;
തോറ്റു പോയൊരു പള്ളികൂടപരീക്ഷയുടെ വിങ്ങല്‍;
ചതിക്കപെട്ടു പിന്നിലാക്കപെട്ട ഒരു കിളിതട്ടിലെ കണ്ണീര്‍;
കൊതി പറഞ്ഞു പറഞ്ഞു അടി വാങ്ങിയ ഒരു ബേക്കറി പലഹാരത്തിന്‍ മധുരം;
പിന്നെ,
ഒരു രാവിന്റെ നീളത്തില്‍ എന്നെ മറന്നു പോയൊരു അച്ചന്റെ മണം;
ഇതൊക്കെ ഇന്ന് യൌവനഹര്‍മ്യത്തിലെ നേരമ്പോക്കുകള്‍
എന്ന് ചിരിച്ചു തള്ളുംപോളും നീറ്റല്‍ അകലാതെ അവള്‍!

വാഴ്ത്തിപാടും ജനതയെ ,
വിഴുപ്പലക്കി മടക്കി എന്നും ചിരിച്ചു മാത്രം കാട്ടുന്ന സമൂഹമേ,
പിഴയൊടുക്കി പാപം മാത്രം വിളമ്പുന്ന അയല്‍ക്കാരെ,
ഒന്ന് തിരിച്ചു തരാമോ നിങ്ങള്‍ക്കവളെ ?
എന്നില്‍ നിന്ന് നിങ്ങള്‍ക്കായി പറിച്ചെടുത്ത
എന്റെ ബാല്യത്തെ?

എനിക്കൊന്നു ചിരിക്കാനാ...
ഒരു തവണഎങ്കിലും
എനിക്കായി മാത്രം ഒന്ന് ചിരിക്കാന്‍!

Thursday, January 20, 2011

ഒരു തുള്ളി-ഒരു ജീവിതം

നിഴല് പോലീ ജീവിതം
അതിലൊഴുകുവാന്‍ അഭയാര്‍ഥി നാം.
ചടുലമാമീ വഴികളില്‍
വിരല്‍ മീട്ടുവാന്‍ മൃതഗായകര്‍.
ഇനിയുമീ വിട വൈകവേ
വെറുതെ ആടുന്നിതോ നാടകം
ശതഭാവങ്ങളില്‍ !
അനശ്വരരല്ലിവര്‍ അല്പര്‍ തൃണഗാത്ര-
കേവല മര്‍ത്ത്യവിദുഷികര്‍ ,
ഊറ്റമെറ്റുമി പ്രവാസികള്‍ .
ഞാനുമൊഴുകുന്നു,
നീയുമൊഴുകുന്നു,
ധരണിയില്‍ ദിനമടരുന്നു മുറകളില്‍ .
ധരിത്രി, ഗഗനം, വാനചാരികള്‍
ആരുമാര്‍ക്കും അളവുകോല്‍ നീട്ടുന്നില.

എന്തിനെന്നിട്ടും
പുറം വടിച്ചു അകം പുകഞ്ഞു പോം
വെങ്കലപാത്രങ്ങലായ് നാമീ
വഴി , ഒരേ വഴി
വെവ്വേറെ തനിയെ നടന്നു തീര്‍പ്പു?



Monday, January 17, 2011

എന്റെ ജനാലചിന്തകള്‍

ഇന്നലെ വരെ തൊട്ടിരുന്ന പഴയ മുഖങ്ങള്‍
എവിടെ പോയി മറഞ്ഞു എന്നറിയില്ല.
എന്റെ സമയങ്ങളില്‍ ഞാന്‍ സൌകര്യപുര്‍വ്വം എറിഞ്ഞുകളഞ്ഞ
എത്രയോ ചിരികളില്‍ ഒന്ന് മാത്രമായി
ബന്ധങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു..

ചിരിയമ്പു തൊടുത്തു ചിരിപ്പികാന്‍ ആരുമില്ലാത്ത,
ഒരു ജാലകവിരിക്കപ്പുറത്തെ ലോകമെന്ത് എന്ന് നോക്കാത്ത
ലണ്ടന്‍ നഗരജീവിതം .
ചില നേരം ഞങ്ങളില്‍ ചിലര്‍
ഞങ്ങള്‍ക്കിടയിലും അന്യരാവുന്നുവോ
എന്ന് തോന്നും!
എത്ര ചേര്‍ത്തു പിടിച്ചു ചിരിച്ചു കാണിച്ചാലും
ഇന്ന് എനിക്കാരെയും വിശ്വസിക്കാന്‍ തോന്നാറില്ല.
ഉള്ളു പറിഞ്ഞു കരയുന്നവനെയും
ഒന്ന് പുനര്‍ന്നൊരു മാത്ര നില്‍പ്പാനിന്നെനിക്കാവാരില്ല.
ചിമിഴിനുല്ല്ളിലെ ദീപനാളം പോലീ തിരക്കില്‍ ഞാനും
ചാഞ്ചാടി ഒഴുകുന്നു...
അങ്ങനെ മെല്ലെ മെല്ലെ..!

വെളിയില്‍ മഴ പെയ്തു തോരുമ്പോള്‍
വെറുതെയെന്‍ ജനാലയില്‍
ഓര്‍മ്മകുടം ചോര്‍ത്തിയൊരു പത്തു നിമിഷം!

അതിനുള്ളിലെന്നിലൊരു കടലിരന്ബുന്നതും,
തീരം നഷ്‌ടമായ കൊടിക്കുറ വിലാപങ്ങളുടെ
സങ്കീര്‍ത്തനത്തില്‍ മുങ്ങി മറഞ്ഞു പോവതും ,
കവിഹൃദയമൌനം വിഷാദച്ഛവി പടര്‍ന്നു മങ്ങുന്നതും ,
എന്നിലെ സഞ്ചാരി ലബരിന്തുകളില്‍ കൊന്തമണിയുരുട്ടി
തനിയെ യാത്രക്കൊരുങ്ങുന്നതും കാണ്മു ഞാന്‍ ..!

മിഴി പുട്ടുമ്പോള്‍ ഉതിര്ന്നൂ വീഴ്വതില്‍
"എന്റെ നാട്" എന്നൊരു പഴമനസ്സുരുകുവതും തോന്നല്‍ !

എനിക്കെന്നെ കളഞ്ഞു പോവാതിരിപ്പനൊന്നു
പൊതിഞ്ഞു പിടിക്കാന്‍ എന്റെ വീടിന്റെ
ചൂട് പോലും ഇന്ന് എന്റെ കൈപ്പിടിയിലില്ലല്ലോ..

നേട്ടങ്ങള്‍ക്കിടയിലീ മനോഹര സന്ധ്യായാത്രകളില്‍
ലണ്ടന്‍കാരന്റെ പൌണ്ട് ചിരിയില്‍ ,
മഞ്ഞു നേര്‍ത്തുപെയുമോരോ സായന്തനങ്ങളിലും
ഞാനെന്നെ ഒളിച്ചു പിടിക്കുന്നു ..
ആരാനും കണ്ടാലോ
മുറിച്ചെന്നെ എന്നില്‍ നിന്നുര്‍ത്തിയെരിഞ്ഞാലോ ?

ഞാന്‍ ഞാനല്ലാതെ ഒരു മാത്ര..
അതിലും നന്ന് മിഴി പൂട്ടിയൊരു ചിരിയാണ്!
എല്ലാ യാത്രകളും ഒരു ചിരിയാക്കിയതാണല്ലോ
ഈ സഞ്ചാരി!

അതിനാവുമോ ഞാന്‍ ഇപ്പോളും ഒരുങ്ങി തീരാത്തത് ?