Wednesday, April 20, 2011

നടവഴികളില്‍ ഒരു പാവാടക്കാരി

എന്റെ ഓര്‍മ്മകൂട്ടില്‍ എന്നും തണുപ്പായി,
എന്റെ മരുഭൂമികളില്‍ പുതുമഴയായി,
എന്നിലെ പുല്ലു വളര്‍ന്നു മറഞ്ഞ നടവഴികളില്‍ ഒരു പാവാടക്കാരിയുണ്ടായിരുന്നു;
എനിക്ക് അവളെയും അവള്‍ക്ക് എന്നെയും ഏറെ ഇഷ്ടം !
മഷിതണ്ടിന്‍ കുളിരില്‍ ഞാന്‍ എന്നെ കളഞ്ഞു പോയ ബാല്യം
അവളെന്നില്‍ പുനര്‍ജനിപ്പിച്ചു;

എവിടോ വീണുടഞ്ഞൊരു കളികോപ്പിന്‍ ചിലമ്പല്‍ ;
തോറ്റു പോയൊരു പള്ളികൂടപരീക്ഷയുടെ വിങ്ങല്‍;
ചതിക്കപെട്ടു പിന്നിലാക്കപെട്ട ഒരു കിളിതട്ടിലെ കണ്ണീര്‍;
കൊതി പറഞ്ഞു പറഞ്ഞു അടി വാങ്ങിയ ഒരു ബേക്കറി പലഹാരത്തിന്‍ മധുരം;
പിന്നെ,
ഒരു രാവിന്റെ നീളത്തില്‍ എന്നെ മറന്നു പോയൊരു അച്ചന്റെ മണം;
ഇതൊക്കെ ഇന്ന് യൌവനഹര്‍മ്യത്തിലെ നേരമ്പോക്കുകള്‍
എന്ന് ചിരിച്ചു തള്ളുംപോളും നീറ്റല്‍ അകലാതെ അവള്‍!

വാഴ്ത്തിപാടും ജനതയെ ,
വിഴുപ്പലക്കി മടക്കി എന്നും ചിരിച്ചു മാത്രം കാട്ടുന്ന സമൂഹമേ,
പിഴയൊടുക്കി പാപം മാത്രം വിളമ്പുന്ന അയല്‍ക്കാരെ,
ഒന്ന് തിരിച്ചു തരാമോ നിങ്ങള്‍ക്കവളെ ?
എന്നില്‍ നിന്ന് നിങ്ങള്‍ക്കായി പറിച്ചെടുത്ത
എന്റെ ബാല്യത്തെ?

എനിക്കൊന്നു ചിരിക്കാനാ...
ഒരു തവണഎങ്കിലും
എനിക്കായി മാത്രം ഒന്ന് ചിരിക്കാന്‍!