Tuesday, September 25, 2007

Nallaval

നിന്റെ പുഴുത്തു ചീഞ്ഞ
ചലം നാറിയൊഴുകുന്ന സ്നേഹത്തെക്കുറിച്ചിനി
എന്നോട്‌ പറയാതിരിക്ക; കാരണം
പഴുത്തളിഞ്ഞ പഴങ്ങളില്‍ മരണ-
മുറങ്ങുന്നെന്നമ്മ പറഞ്ഞിട്ടുണ്ട്‌!
നിന്റെ കുത്തു വീണുരുകിയ പട്ടു വിതാനിച്ച
പുത്തന്‍ കോടിനിറങ്ങളിലെ പ്രണയത്തെക്കുറിച്ചിനി
എന്നോട്‌ കലഹിക്കാതിരിക്ക; കാരണം
കത്തിയടര്‍ന്ന തുണിക്കെട്ടിലും തക്ഷകനു-
ണര്‍ന്നിരിപ്പുണ്ടാകുമെന്നു ഞാനറിഞ്ഞിട്ടുണ്ട്‌!
ക്ലാവ്‌ പിടിച്ചഴുകിത്തുടങ്ങുമാ
പഴമ്പാക്കെട്ടിലെ പ്രാക്തനസ്വപ്നങ്ങളിനി
ഒരിക്കലൂടെ ഛര്‍ദ്ദിക്കാതിരിക്ക;കാരണം
തുരുമ്പു ജയിക്കാത്തിടത്തേ
ജീവനുയിര്‍വതുള്ളൂവെന്നു ബോധി ചൊന്നൂ!
നിന്റെയരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിലെ
ചാവുദോഷങ്ങളിലെ എന്റെ പങ്കിനെച്ചൊല്ലി
പുഴ ചിമറുമ്പോല്‍ കരയാതിരിക്ക;കാരണം
മഴയ്കു മുന്‍പേ മേഘം കീറപ്പെടേണ്ടുവെന്നും
ചിതറിയ ശകലങ്ങളില്‍ 'നാളെ' ഉയിര്‍ക്കുന്നെന്നും
നീയുമറിയേണ്ടിയിരിക്കുന്നു!
പച്ചക്കാട്ടിലെ, സ്ലേറ്റുപച്ചനനവിലെ
തുഷാരസ്വപ്നനിമിഷങ്ങള്‍ മറക്കാതിരിക്ക,
കാരണം ചീയുമ്പോഴും നെഞ്ചോടടുക്കി-
യുരുകാനെന്തു നീ തന്നെന്നു ചോദിക്കരുതല്ലോ!
ഓ...മറന്നൂ..
അതിനു ഞാനൊരു പുതുപ്പാവക്കുട്ടിയെ
തന്നല്ലോ, നിനക്കു കീറിയെറിയാനാകാഞ്ഞ
പച്ചക്കാട്ടിന്‍ മണമുള്ളോരു പാവക്കുട്ടിയെ!
തന്നതിനൊക്കെ നന്ദി..!
തിരിച്ചതു തന്നില്ലേലുമില്ല തെല്ലും കുഴപ്പം!
പാ ചുരുട്ടുമ്പോളേലുമോര്‍ക്കുക
എന്നെ നീയോമനേ..!!

അഭിനവഗന്ധര്‍വ്വ

ഞാനിന്നലെ ചെറിയ ചെറിയ കാര്യങ്ങളില്
‍വല്ലാതെ നൊമ്പരപ്പെട്ടു;
ചീരത്തടത്തിലെ പുഴുക്കളെക്കുറിച്ചും,
ചെമ്പകത്തിലെ കറയൊലിപ്പിച്ചടര്‍ന്ന പൂമുറിവ്‌,
ചൈതന്യം കെടുത്തിയ തകരവിളക്ക്‌,
മഷിപ്പൊട്ടുണങ്ങാത്ത വിലാപസ്വരങ്ങള്‍,
അങ്ങനെയങ്ങനെ ചെറിയതെന്തൊക്കെയുണ്ടോ
അതിനെക്കുറിച്ചൊക്കെ!

അഭിനവഗന്ധര്‍വന്റെ റോളിലാണിവിടെ!
ഇന്നലെകള്‍ കൊഴിഞ്ഞുയിര്‍ വാര്‍ന്നു;
ഓജസ്സു കടം പേറിയൊരുപാട്‌, ഒരുപാട്‌,
'അഭിനവ'ഗാത്രങ്ങളെനിക്കു ചുറ്റും,എന്നെക്കടന്നും പൊയ്ക്കൊണ്ടേയിരിപ്പൂ!
'ഇന്നി'ലേക്കൂളിയിടാനുണര്‍ന്നതാണിപ്പോള്‍;
ഇഴ കൂടാതാരോ തറ്റിട്ട പരശതസ്വപ്നധവളിമ
എന്റെ തറികളിലിതാ ബാക്കിയാക്കി..

ചെയ്യാനൊത്തിരി, ചികയാനുമൊത്തിരി,
ചില്ലിട്ട ഫ്രെയിമുകളിലുയരത്തിലാ ചരിത്രമുറക്കം,
'ഇന്നലെ'കളിലെ വീരകേസരികളുടയത്ത
ചില്ലുകൂട്ടിലിരുന്ന്‌ മന്ദഹസിക്കുന്നു;
"ഞങ്ങളെല്ലാം ചെയ്തു തീര്‍ത്തിനി നിന്റെ ഊഴം
നിന്റെ കലപ്പ, നിന്റെ നൊമ്പരപ്പാട്ട്‌!"

ചെയ്യാനൊത്തിരി, ചികയാനൊത്തിരി,
ചികഞ്ഞിരുന്നാലിനി തീരില്ലാ വഴി തെല്ലും;
'ഇന്നലെ'കൊഴിഞ്ഞുയിര്‍ വാര്‍ന്നു;
'ഇന്നി'ലേക്കൂളിയിടാനുണര്‍ന്നതാണിപ്പോള്‍;
ഇനി എന്റെ കഥ, കലപ്പ,എന്റെ നൊമ്പരപ്പാട്ട്‌!

'നാളെ'കളില്‍ നീയും ഞാനും തനിച്ചാവാതിരിക്കണമെന്നുണ്ടെങ്കില്‍
'ഇന്നി'ന്റെ ചെറിയ ചെറിയ കാര്യങ്ങളില്
‍വെറുതെ, ചുമ്മാതെ നൊമ്പരപ്പെടുക!
ഓജസ്സു വാര്‍ന്നൊഴുകി, നിറം മങ്ങും
തിണ്ണ മേലുടഞ്ഞ വളപ്പൊട്ടു കണക്കമര്‍-
ന്നിരിപ്പാകുമ്പോള്‍,
ആര്‍ക്കും അവയെങ്കിലുമരികേ,
ചിരിച്ചുകൊണ്ടി"തെന്റെ ചരിത്രമായിരുന്നല്ലൊ"
എന്ന്‌!

അതു വരേയ്ക്കും അഭിനവഗന്ധര്‍വ്വനിയോഗം!!