Monday, March 31, 2008

ഞങ്ങള്‍ മക്കള്‍!

ഞങ്ങളിറങ്ങിപ്പോയ പകലുകളിലേക്കും
ആര്‍ക്കോ വേണ്ടി എണ്ണപ്പെട്ടതെന്ന്‌ കരുതിപ്പോയ തലയിണകളിലേക്കും
മഴ കറുംചായം കോരിയൊഴിച്ച വൈകുന്നേരം!
ആദ്യമായും അവസാനമായും
മഴത്തുള്ളികള്‍ ഞങ്ങള്‍ക്കു വേണ്ടി
ചിരിച്ചതപ്പോഴാകാം!
പാതിരാവണ്ടിക്കു കാത്തിരുന്നുറക്കം തൂങ്ങുന്നോരപ്പന്‍,
കത്തിയടര്‍ന്ന ചുള്ളിക്കുലയൂതുമമ്മ,
ചിത്രങ്ങള്‍ വക്കു പൊട്ടിയതെങ്കിലും മിഴിവൊടെ!
ഞങ്ങള്‍ 6 പേര്‍
മക്കളെന്ന പേര്‌ പേറിയോര്‍
പഠിച്ചതിലേറെ പാഠം ചൊല്ലിയോര്‍.
ഞങ്ങള്‍ക്കു വിട്ടു പോയത്‌
വെറുമൊരു വീടായിരുന്നില്ലായെന്നറിയും മുന്‍പെ
താഴ്‌വാരം നിശ്ബ്ദമായ്‌ പോയ്‌!
എത്ര കാലം കാത്തിരുന്നന്‍പോടെയീ,യമ്മ
നിലാവില്ലാത്ത നീലാകാശത്തിലെ നീലക്കടല്‍ നോക്കി
ഞങ്ങള്‍ ദൂരെ സൊറ പറഞ്ഞുറങ്ങിപ്പോയ്‌!
എത്ര പനിച്ചപ്പന്‍, ഉരുകി നടന്നു തീര്‍ത്തതീ
വഴിത്താര, ഞങ്ങളപ്പോളക്കരെ വെടിവട്ടം തീരാതെ
വിരസമായി ചിരിച്ചു കൊണ്ടിരുന്നേ പോയ്‌!

ഞാന്‍..
ഞങ്ങള്‍...
ഒരമ്മ പെറ്റ മക്കള്‍..
എന്തിനോ വേണ്ടി ഞങ്ങള്‍ മറുതലിച്ചു.
ലക്ഷ്യമില്ലാതെ ചണ്ടി പെറുക്കി..
.തുണനീരില്ലാത്ത പാഴ്ക്കിണര്‍ തേകി കശേരു പിഴച്ചോര്‍!
ഇന്നലെ ഞങ്ങള്‍ മടക്കയാത്ര നിര്‍ത്തി;
വീടെത്തിയാല്‍ പിന്നെന്തു ചെയ്യാന്‍?
ശൂന്യമായിപ്പോയ ഗര്‍ഭപാത്രവും താങ്ങി,
അടുക്കുകല്ലിറങ്ങി പോയവളുടെ ഗന്ധം!
തൂമ്പത്തഴമ്പിന്റെ കരം തൂങ്ങിയാടിയോരു
കഴുക്കോല്‍ത്തിണര്‍പ്പ്‌!
കൂട്ടിക്കുറച്ചിട്ടും ബാക്കിയാക്കുന്ന അനിയത്തിക്കൊഞ്ചല്‍!
ഒന്നു മാത്രം ബാക്കി..
വറ്റാക്കിണറൊന്നും പിന്നീ ഓട്ടത്തൊട്ടിയും!
പറയൂ...

ഇനി ഒന്നു പിണങ്ങാനാരുണ്ടു?
ഇറങ്ങിപ്പോകാനൊരു പകലുണ്ടോ?
ഞങ്ങള്‍ക്കു വിട്ടു പോയത്‌
വെറുമൊരു വീടായിരുന്നില്ലായെന്നറിയും മുന്‍പെ
താഴ്‌വാരം നിശ്ബ്ദമായ്‌ പോയ്‌!

3 comments:

പ്രിയ said...

"ഞങ്ങള്‍ക്കു വിട്ടു പോയത്‌
വെറുമൊരു വീടായിരുന്നില്ലായെന്നറിയും മുന്‍പെ
താഴ്‌വാരം നിശ്ബ്ദമായ്‌ പോയ്‌! "

rathisukam said...

ഒന്നു മാത്രം ബാക്കി..
വറ്റാക്കിണറൊന്നും പിന്നീ ഓട്ടത്തൊട്ടിയും!
പറയൂ...
ഇനി ഒന്നു പിണങ്ങാനാരുണ്ടു?

Appu Adyakshari said...

സഞ്ചാരീ, നല്ല കവിത, നല്ല വരികള്‍! ഇഷ്ടമായി.