Thursday, October 23, 2008

ഇഷ്ടമില്ലാത്ത ഉടുപ്പ്‌


ഇന്നലെ ഞാന്‍ ഒരു പഴകിയ മണമുള്ള സ്വപ്നം കണ്ടു.
അതിലിന്നു ഞാന്‍ ദുഖിക്കുന്നു...
കാരണം ഉറക്കമെണീറ്റപ്പോള്
‍പുതുമ മാത്രം ഇഷ്ടപ്പെടുന്നവന്‍ ഞാന്‍!

എന്റെ ഇന്നത്തെ ഉടുപ്പ്‌ എനിക്കൊട്ടുമിഷ്ടമായില്ല.

എന്തു ചെയ്യാന്‍?

ഇഷ്ടമില്ലാത്തിടാന്‍ വിധിക്കപ്പെടുന്നത്‌,
വേണ്ടാത്തിടത്ത്‌ കരയേണ്ടുന്നത്‌,
മടുപ്പുള്ളിടത്തും പുകള്‍ പാടേണ്ടുന്നത്‌,
വിലക്കുള്ളിടത്തും വില കൊടുക്കേണ്ടുന്നത്‌,
മീച്ചമില്ലാത്തിടത്തും പുഞ്ചിരിക്കേണ്ടുന്നത്‌,
അങ്ങനെയങ്ങനെ ....എത്രയെത്ര "എന്തു ചെയ്യാനു"കള്‍?

നിറങ്ങള്‍ മങ്ങിയ സ്വപ്നങ്ങള്‍;
രതിമണം കലര്‍ന്ന്‌ വിണ്ടുപോം ചിത്രങ്ങള്‍;
അടുക്കി പൂട്ടും തോറും തിങ്ങിപ്പൊട്ടും നെടുവീര്‍പ്പുകള്‍;
ചെന്നി പിളര്‍ന്ന്‌ തലയിണ നനയ്ക്കും "ഇന്നലെ"ച്ചിത്രങ്ങള്‍;
പിന്നെ, കണ്ണുരുക്കി കവിള്‍ത്തടം തേവും "ഇന്നു"കള്‍!
നിങ്ങള്‍ക്കു രാത്രികളിവ തരുന്നെങ്കില്‍,
ഇവ മാത്രം തരുന്നെങ്കില്‍ ....
ഓര്‍ത്തു വച്ചോളൂ.....നിങ്ങള്‍ക്കീ ഉടുപ്പ്‌ തീരെ ചേരുന്നില്ല.!!!

2 comments:

Rajeesh said...

വേറൊരു ഉടുപ്പ് ഇട്ടാല്‍ പ്രശ്നം തീര്‍ന്നില്ലേ ?

നരിക്കുന്നൻ said...

ഇന്നത്തെ ഈ ഉടുപ്പ് എനിക്കും ഇഷ്ടപ്പെട്ടില്ല. അലക്കിത്തേച്ചതായിരുന്നെങ്കിലും അതിട്ട് മടുപ്പുള്ളിടത്തേക്ക് പോകേണ്ടതുണ്ട്. ആ കുപ്പായമിട്ട് മിച്ചമില്ലാത്തിടത്ത് പുഞ്ചിരിക്കേണ്ടതുണ്ട്.