Friday, December 1, 2006

കള

കളയാനുള്ളതത്രേ കള,
കരയാനുള്ളവരത്രേ കള.

പറിച്ചു മാറ്റേണ്ടത്‌, പുകച്ചിറക്കേണ്ടത്‌,
പിണമാവെണ്ടത്‌, നീറി നാറേണ്ടത്‌
ചീഞ്ഞു ചുടലയ്ക്കു കൂട്ടു പോവേണ്ടത്‌..
ഇതൊക്കെയത്രെ കള.!!

കരങ്ങള്‍ക്കൂറ്റമേറവേ, കറ്റ കെട്ടി
കളം കാലിയാക്കാനവരാര്‍ക്കെ,
പുത്തന്‍ തലപ്പാവുമേന്തി നില്‍ക്കുമാ
മച്ചമ്പിയൊന്നു ചൊല്‍കീ പാണന്റെ
പാഴ്മനക്കോണിലെ "ശംശയം"!

ഏതാണു കള?

ചീര നട്ടിടത്തു നെല്ലെങ്കിലതു കള,
നെല്ലിട്ടിടത്തു ചീരയെങ്കിലതും കള.

നേരം നന്നാവതെ നില തേടിയോര്‍..
ഒരിത്തിരി വൈകി ഫലമേകുവോര്‍..
ചാര്‍ട്ടുക,ലിലഞ്ചക്കമേകുവതില്ലാത്തോര്‍...
ഇവരാണോ കള?????????
തമ്പ്രാ..തലകളില്‍ കൊടിക്കൂറക-
ളില്ലെങ്കിലീ പാവ,മ്പാണനുമൊരു കള.!

ചങ്കു വേവുമ്പോ,ളടിയനിടറിപ്പറയുന്നൂ,
"ഒരേയൊരു സത്യമേയുള്ളൂ..ഒരു സത്യവുമില്ലായെന്ന്!"
വരമ്പത്തിരിപ്പോരെ, തലപ്പാവുള്ളോരെ,
നിങ്ങളാണവര്‍, കള-വിളകളെ വേര്‍ത്തിരിപ്പോര്‍!

പിന്നെ കളം നിശബ്ദമായി..എന്നത്തേയും പോലെ.

മഞ്ഞു വീഴും മുമ്പെ കറ്റ കെട്ടിത്തീര്‍ത്ത
ചിരുതയാ പാണന്നുടുക്കു ഒളിച്ചെടുത്തു;
ചോര പുരളാതെ!!!!!!

2 comments:

സുല്‍ |Sul said...

“ചീര നട്ടിടത്തു നെല്ലെങ്കിലതു കള,
നെല്ലിട്ടിടത്തു ചീരയെങ്കിലതും കള.“

നല്ല കള ചിന്തകള്‍.

-സുല്‍

വേണു venu said...

ഒത്തിരി ശരിയാണല്ലോ. ഒരിടത്തെ കള മറ്റൊരിടത്തു് കള്യല്ലാതാകുന്നു. ചീര നട്ടിടത്തു നെല്ലെങ്കിലതു കള,
നെല്ലിട്ടിടത്തു ചീരയെങ്കിലതും .
സഞ്ചാരി കളയിലൊളിഞ്ഞിരിക്കുന്ന ചിന്തകള്‍ ഇഷ്ടപ്പെട്ടു.
ആശംസകള്‍.