Friday, December 1, 2006

ബലിയാകാത്ത കുഞ്ഞാട്‌

നീട്ടി നിറകുമ്പിളൂര്‍ത്തിയാ
നാണയക്കൂമ്പാരങ്ങളെ വിലയായി,
വീണ്ടുമൊരു ജീവനായി,
നിറവിന്റെ നനവൊത്ത മെത്തയായ്‌,
ചേര്‍ത്തു ഞാനേന്തിയൊരു കുഞ്ഞാടിനെ
തിരുദേവാലയ മുറ്റങ്ങളില്‍ നിന്നും!!

കാതങ്ങള്‍ക്കകലേക്കു കാലടി വച്ചതും,
എതിര്‍ദിശയിലാര്‍ത്തനായി പാഞ്ഞതും,
നിനക്കല്ലൊ.....നിനക്കായല്ലോ കുഞ്ഞേ.....
ഒരു കുഞ്ഞെങ്കിലുമീ,യര്‍ഥശൂന്യമാം,
ദേവാലയദഹനങ്ങളില്‍ നിന്നു രക്ഷയാവാന്‍!!

കുരിശേന്തി ഞാനേകി രക്ഷ..
ലോകമെന്നിട്ടുമെന്തിനു നിന്നെയറുക്കുന്നുവോ?
ദൈവമെന്ന കൂട്ടിലെന്നെ അടച്ചവരെവിടോ
വിരുന്നു പോകുന്നു...മാനസാന്തരപ്പെടുന്നു!
മഴക്കാടുകളിലായിരം കുളം കുഴിച്ചേറെ,
ചേറൂറ്റി സഭാഗാനം പാടുന്നു...ചലം ചുമക്കുവോര്‍!!

ഈ ഒരു കുഞ്ഞാടെങ്കിലും ബലിയാവാതിരിക്കട്ടെ..
മടങ്ങുക കുഞ്ഞേ..മലഞ്ചെരിവുകളിലേക്ക്‌..
ഞാനും മടങ്ങുന്നു
ദൈവക്കൂട്ടിലേക്കും...അല്ലാതെന്ത്‌?

1 comment:

മുസാഫിര്‍ said...

ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിക്കാനായി അല്ലെ,നന്നായി.