ഞങ്ങളിറങ്ങിപ്പോയ പകലുകളിലേക്കും
ആര്‍ക്കോ വേണ്ടി എണ്ണപ്പെട്ടതെന്ന് കരുതിപ്പോയ തലയിണകളിലേക്കും
മഴ കറുംചായം കോരിയൊഴിച്ച വൈകുന്നേരം!
ആദ്യമായും അവസാനമായും
മഴത്തുള്ളികള്‍ ഞങ്ങള്‍ക്കു വേണ്ടി
ചിരിച്ചതപ്പോഴാകാം!
പാതിരാവണ്ടിക്കു കാത്തിരുന്നുറക്കം തൂങ്ങുന്നോരപ്പന്‍,
കത്തിയടര്‍ന്ന ചുള്ളിക്കുലയൂതുമമ്മ,
ചിത്രങ്ങള്‍ വക്കു പൊട്ടിയതെങ്കിലും മിഴിവൊടെ!
ഞങ്ങള്‍ 6 പേര്‍
മക്കളെന്ന പേര് പേറിയോര്‍
പഠിച്ചതിലേറെ പാഠം ചൊല്ലിയോര്‍.
ഞങ്ങള്‍ക്കു വിട്ടു പോയത്
വെറുമൊരു വീടായിരുന്നില്ലായെന്നറിയും മുന്‍പെ
താഴ്‌വാരം നിശ്ബ്ദമായ് പോയ്!
എത്ര കാലം കാത്തിരുന്നന്‍പോടെയീ,യമ്മ
നിലാവില്ലാത്ത നീലാകാശത്തിലെ നീലക്കടല്‍ നോക്കി
ഞങ്ങള്‍ ദൂരെ സൊറ പറഞ്ഞുറങ്ങിപ്പോയ്!
എത്ര പനിച്ചപ്പന്‍, ഉരുകി നടന്നു തീര്‍ത്തതീ
വഴിത്താര, ഞങ്ങളപ്പോളക്കരെ വെടിവട്ടം തീരാതെ
വിരസമായി ചിരിച്ചു കൊണ്ടിരുന്നേ പോയ്!
ഞാന്‍..
ഞങ്ങള്‍...
ഒരമ്മ പെറ്റ മക്കള്‍..
എന്തിനോ വേണ്ടി ഞങ്ങള്‍ മറുതലിച്ചു.
ലക്ഷ്യമില്ലാതെ ചണ്ടി പെറുക്കി..
.തുണനീരില്ലാത്ത പാഴ്ക്കിണര്‍ തേകി കശേരു പിഴച്ചോര്‍!
ഇന്നലെ ഞങ്ങള്‍ മടക്കയാത്ര നിര്‍ത്തി;
വീടെത്തിയാല്‍ പിന്നെന്തു ചെയ്യാന്‍?
ശൂന്യമായിപ്പോയ ഗര്‍ഭപാത്രവും താങ്ങി,
അടുക്കുകല്ലിറങ്ങി പോയവളുടെ ഗന്ധം!
തൂമ്പത്തഴമ്പിന്റെ കരം തൂങ്ങിയാടിയോരു
കഴുക്കോല്‍ത്തിണര്‍പ്പ്!
കൂട്ടിക്കുറച്ചിട്ടും ബാക്കിയാക്കുന്ന അനിയത്തിക്കൊഞ്ചല്‍!
ഒന്നു മാത്രം ബാക്കി..
വറ്റാക്കിണറൊന്നും പിന്നീ ഓട്ടത്തൊട്ടിയും!
പറയൂ...
ഇനി ഒന്നു പിണങ്ങാനാരുണ്ടു?
ഇറങ്ങിപ്പോകാനൊരു പകലുണ്ടോ?
ഞങ്ങള്‍ക്കു വിട്ടു പോയത്
വെറുമൊരു വീടായിരുന്നില്ലായെന്നറിയും മുന്‍പെ
താഴ്‌വാരം നിശ്ബ്ദമായ് പോയ്!
കാലം ഏറേ ആയാലും ഞാന്‍ എത്ര മാറിയാലും എനിക്കായി ഈ അക്ഷര സമൂഹം സം സാരിക്കട്ടെ....
Monday, March 31, 2008
വിഷാദിനി!
ഞാനറിയാതെ എന്നെ സ്നേഹിച്ചൊരു ദീപനാളം
എന്റിമകളെ പഴുപ്പിച്ചുണക്കിയൊരു വിരല്‍ച്ചൂട്
എത്ര പറിച്ചെറിഞ്ഞാലും നനവിറ്റുന്ന ചിപ്പിയവള്‍
നമുക്കിടയില്‍ മൗനം കനപ്പിച്ചെടുത്തി,ട്ടവിടേ കോണി-
ലമൃതെന്നുരച്ചീ തൊണ്ടേ,ലരച്ചെപ്പിലൊരു നുള്ള്
വിഷം കോരിയ്യിട്ടോള്‍, വിഷാദിനി!
എന്റിമകളെ പഴുപ്പിച്ചുണക്കിയൊരു വിരല്‍ച്ചൂട്
എത്ര പറിച്ചെറിഞ്ഞാലും നനവിറ്റുന്ന ചിപ്പിയവള്‍
നമുക്കിടയില്‍ മൗനം കനപ്പിച്ചെടുത്തി,ട്ടവിടേ കോണി-
ലമൃതെന്നുരച്ചീ തൊണ്ടേ,ലരച്ചെപ്പിലൊരു നുള്ള്
വിഷം കോരിയ്യിട്ടോള്‍, വിഷാദിനി!
Tuesday, September 25, 2007
Nallaval
നിന്റെ പുഴുത്തു ചീഞ്ഞ
ചലം നാറിയൊഴുകുന്ന സ്നേഹത്തെക്കുറിച്ചിനി
എന്നോട് പറയാതിരിക്ക; കാരണം
പഴുത്തളിഞ്ഞ പഴങ്ങളില്‍ മരണ-
മുറങ്ങുന്നെന്നമ്മ പറഞ്ഞിട്ടുണ്ട്!
നിന്റെ കുത്തു വീണുരുകിയ പട്ടു വിതാനിച്ച
പുത്തന്‍ കോടിനിറങ്ങളിലെ പ്രണയത്തെക്കുറിച്ചിനി
എന്നോട് കലഹിക്കാതിരിക്ക; കാരണം
കത്തിയടര്‍ന്ന തുണിക്കെട്ടിലും തക്ഷകനു-
ണര്‍ന്നിരിപ്പുണ്ടാകുമെന്നു ഞാനറിഞ്ഞിട്ടുണ്ട്!
ക്ലാവ് പിടിച്ചഴുകിത്തുടങ്ങുമാ
പഴമ്പാക്കെട്ടിലെ പ്രാക്തനസ്വപ്നങ്ങളിനി
ഒരിക്കലൂടെ ഛര്‍ദ്ദിക്കാതിരിക്ക;കാരണം
തുരുമ്പു ജയിക്കാത്തിടത്തേ
ജീവനുയിര്‍വതുള്ളൂവെന്നു ബോധി ചൊന്നൂ!
നിന്റെയരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിലെ
ചാവുദോഷങ്ങളിലെ എന്റെ പങ്കിനെച്ചൊല്ലി
പുഴ ചിമറുമ്പോല്‍ കരയാതിരിക്ക;കാരണം
മഴയ്കു മുന്‍പേ മേഘം കീറപ്പെടേണ്ടുവെന്നും
ചിതറിയ ശകലങ്ങളില്‍ 'നാളെ' ഉയിര്‍ക്കുന്നെന്നും
നീയുമറിയേണ്ടിയിരിക്കുന്നു!
പച്ചക്കാട്ടിലെ, സ്ലേറ്റുപച്ചനനവിലെ
തുഷാരസ്വപ്നനിമിഷങ്ങള്‍ മറക്കാതിരിക്ക,
കാരണം ചീയുമ്പോഴും നെഞ്ചോടടുക്കി-
യുരുകാനെന്തു നീ തന്നെന്നു ചോദിക്കരുതല്ലോ!
ഓ...മറന്നൂ..
അതിനു ഞാനൊരു പുതുപ്പാവക്കുട്ടിയെ
തന്നല്ലോ, നിനക്കു കീറിയെറിയാനാകാഞ്ഞ
പച്ചക്കാട്ടിന്‍ മണമുള്ളോരു പാവക്കുട്ടിയെ!
തന്നതിനൊക്കെ നന്ദി..!
തിരിച്ചതു തന്നില്ലേലുമില്ല തെല്ലും കുഴപ്പം!
പാ ചുരുട്ടുമ്പോളേലുമോര്‍ക്കുക
എന്നെ നീയോമനേ..!!
Subscribe to:
Posts (Atom)