Tuesday, January 13, 2009

അവലോസുപൊടി- എന്‍ പ്രണയം



അവളെനിക്കുമപ്പുറം ദൂരെ മേഞ്ഞുകൊണ്ടിരുന്നു
എനിക്കു മടുത്തു തുടങ്ങി;
ഇത്ര നിലവിളികള്‍ക്കൊറ്റ രാത്രി;
ഇവയ്ക്കു പിറക്കാന്‍ നേരവും
ക്ഷിതിയുമൊന്നുമില്ലേ?
ആര്‍ക്കറിയാം..!

ദുരന്തങ്ങള്‍ക്ക്‌ ഒരു മാനേഴ്സില്ല,
ഇതിനെയൊക്കെ പഠിപ്പിക്കാന്‍ ഏറെയുണ്ടെനിക്ക്‌
പക്ഷെ ആരും ഒന്നും എന്നോട്‌ ചോദിക്കുന്നില്ലല്ലോ;
ചുമ്മാ
തോന്നുമ്പോള്‍ വന്നും
മടുക്കുമ്പോള്‍ പോയും
അവരെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു;
ക്ഷമിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചില നേരത്തീയിടെയായി
സ്നേഹം പോലും ദുരന്തമായിപ്പോകുന്നു!
സ്നേഹത്തിന്റെ പേരിലൊത്തിരി മായം
ഞാനിതിനകം തിന്നു കഴിഞ്ഞു.
കുടിക്കാനൊന്നുമില്ലാതെ
അവലോസുപൊടി വിഴുങ്ങിയ വിശപ്പുകാരനെ
ഓര്‍ക്കുക....
ഇതാണെന്റെ പ്രേമങ്ങള്‍!

"ഇനിയെനിക്ക്‌ ഈ പഴം വേണ്ട"
ഇത്രയാവര്‍ത്തി ഈ വാക്ക്‌ ഞാനെനിക്ക്‌
പുഴുങ്ങിക്കൊടുത്തിരിക്കുന്നു.....!!!
പിന്നേം വരുമേതേലുമവള്‍!
എന്നെ കൊതിപ്പിച്ച്‌
എന്നെ ചിരിപ്പിച്ച്‌
"നിന്റെ മാത്രം","നിനക്ക്‌ വേണ്ടിയെന്തും"
"ഒരുമിച്ച്‌ മരിക്കാനും തയ്യാര്‍"
എന്നൊക്കെ പറഞ്ഞ്‌..
പിന്നേം വരുമേതേലുമൊരുവള്‍!

ഞാനൊരുത്തന്‍ ഇങ്ങനെ വീഴാനുമിരിക്കുന്നു.
ഇതാണിന്നത്തെ പാവം ആണ്‍കുട്ടി!
ഞാനൊരു പാവം ആട്ടിങ്കുട്ടി..
എന്താ, ശരിയല്ലേ അളിയാ?

No comments: