Thursday, October 23, 2008

ഇഷ്ടമില്ലാത്ത ഉടുപ്പ്‌


ഇന്നലെ ഞാന്‍ ഒരു പഴകിയ മണമുള്ള സ്വപ്നം കണ്ടു.
അതിലിന്നു ഞാന്‍ ദുഖിക്കുന്നു...
കാരണം ഉറക്കമെണീറ്റപ്പോള്
‍പുതുമ മാത്രം ഇഷ്ടപ്പെടുന്നവന്‍ ഞാന്‍!

എന്റെ ഇന്നത്തെ ഉടുപ്പ്‌ എനിക്കൊട്ടുമിഷ്ടമായില്ല.

എന്തു ചെയ്യാന്‍?

ഇഷ്ടമില്ലാത്തിടാന്‍ വിധിക്കപ്പെടുന്നത്‌,
വേണ്ടാത്തിടത്ത്‌ കരയേണ്ടുന്നത്‌,
മടുപ്പുള്ളിടത്തും പുകള്‍ പാടേണ്ടുന്നത്‌,
വിലക്കുള്ളിടത്തും വില കൊടുക്കേണ്ടുന്നത്‌,
മീച്ചമില്ലാത്തിടത്തും പുഞ്ചിരിക്കേണ്ടുന്നത്‌,
അങ്ങനെയങ്ങനെ ....എത്രയെത്ര "എന്തു ചെയ്യാനു"കള്‍?

നിറങ്ങള്‍ മങ്ങിയ സ്വപ്നങ്ങള്‍;
രതിമണം കലര്‍ന്ന്‌ വിണ്ടുപോം ചിത്രങ്ങള്‍;
അടുക്കി പൂട്ടും തോറും തിങ്ങിപ്പൊട്ടും നെടുവീര്‍പ്പുകള്‍;
ചെന്നി പിളര്‍ന്ന്‌ തലയിണ നനയ്ക്കും "ഇന്നലെ"ച്ചിത്രങ്ങള്‍;
പിന്നെ, കണ്ണുരുക്കി കവിള്‍ത്തടം തേവും "ഇന്നു"കള്‍!
നിങ്ങള്‍ക്കു രാത്രികളിവ തരുന്നെങ്കില്‍,
ഇവ മാത്രം തരുന്നെങ്കില്‍ ....
ഓര്‍ത്തു വച്ചോളൂ.....നിങ്ങള്‍ക്കീ ഉടുപ്പ്‌ തീരെ ചേരുന്നില്ല.!!!

Tuesday, October 21, 2008

എന്റെ നവോദയ!



മഴമേഘങ്ങളെ കളിയാക്കി നടന്ന നാളുരിഞ്ഞു കളഞ്ഞു
മുതിരാന്‍ വെമ്പിയോര്‍ നമ്മള്‍......

നമുക്ക്‌ നഷ്ടമായത്‌ നമ്മെ മാത്രമല്ല,
നിറങ്ങള്‍ പൂത്തുനിന്നൊരു വസന്തം കൂടിയാണ്‌...
ഇത്ര നാള്‍ പാടിയതൊക്കെ വെറുതെ ആവുമ്പോലെ....


നാളെ നേരം വെളുക്കുമ്പോള്‍
ഈ ക്യാമ്പസിന്‌ ഞാനും ഒരു പരദേശിയാകും....പഴങ്കഥയാകും!!

നാമുതിര്‍ത്ത സൗഹ്രുദത്തിമിര്‍പ്പിനി ഓര്‍മ്മക്കെട്ടിലേക്ക്‌ പൊതിയണം..
അറിയാത്ത ലോകത്തിലേക്കിനി ഒരുങ്ങിയിറങ്ങേണം...ഒറ്റയ്ക്‌!!

പ്രിയരേ....അല്‍പ്പം തണുപ്പിലിനി തനിയെ നടക്കുമ്പോള്‍
ഊറിച്ചിരിക്കാനൊരു നുള്ള്‌ നന്മ ഞാനെടുക്കുന്നു....

എന്നെന്നും ഇങ്ങനെ ഓര്‍ത്തിരിക്കാന്‍....
നിഴല്‍പ്പാടില്‍ ഞാനെന്‍ ജീവിതം ഉടമ്പടി ചെയ്‌വൂ....
മറവി മൂടാത്ത നേത്രങ്ങളാല്‍ നിങ്ങള്‍ ചിരിക്ക..

Monday, October 20, 2008

മടക്കം


കുറച്ചു നാളായി ഒന്നും എഴുതുന്നില്ല.
മനപൂര്‍വ്വമല്ല സുഹ്രുതെ....

സമയം വളരെ കുറഞ്ഞ തോതില്‍ പോലും
എനിക്കിപ്പോ അന്യമായിരിക്കുന്നു.

നിലയ്കാത്ത exams ,
അഭിനയത്തിന്റെ പല പല ഭാവങ്ങള്‍,
.....മടുത്തു തുടങ്ങി സുഹ്രുത്തേ...

ഞാന്‍ profileല്‍ എഴുതിയതു പോലെ
ഇതു വരെ student lifeന്റെ മുടിഞ്ഞ താള-ലയങ്ങളിലാരുന്നു

...now am Free....and will be..
i hope so!

എനിക്കിനിയെങ്കിലും അഭിനയം വേണ്ടാത്ത
ഈ കുഞ്ഞു വീട്ടിന്‍മുറ്റത്തൊന്നിരിക്കണം

....എന്റെ കൊതി തീരുവോളം!!!