Saturday, June 27, 2009

പാഠം ഒന്ന്‌!


വറ്റിപ്പോയ കണ്ണിണകളെ പരിഹസിക്കരുത്‌;
നിണമണിഞ്ഞ കാല്‍പ്പാടില്‍ ഇമയുടക്കരുത്‌;
നിഴല്‍ക്കൂട്ടങ്ങളിലഭിരമിക്കരുത്‌;
നമുക്കുമപ്പുറം 3rd പേഴ്സണ്‍ സിംഗുലറില്‍
ആരോ വിതുമ്പുന്നതറിഞ്ഞെന്നു നടിക്കരുത്‌;

നനവറിയാതെ
തുണ്ടുനോവറിയാതെ
ഇനി ഈ കിളി കൂടി
പറക്കുന്നിടം വരെ കാക്കുക!

ചുട്ടുതിന്നാനൊരു പിടി
കുഞ്ഞിളം മാംസം..
എന്താ നിനക്ക്‌ കയ്ക്കുമോ?

നല്ലോരു വേടന്‍....
ഇരയ്ക്കു മുന്‍പിലിമ
വെട്ടാതിരച്ചെത്തി
വല്ലാതെ കൊല്ലുന്നവന്‍!

വേണ്ടാത്ത adjectivesല്‍
കാല്‍ തട്ടിവീഴാതെ
നടക്കുക..

ഇത്‌
ഒന്നാം പാഠം!!
പാഠമിനിയെത്ര ബാക്കിയെന്ന്
നീയും ചിരിച്ചുവോ?
തോന്നലാവാം!!



Monday, April 27, 2009

കുട്ടനാട്‌

പൊഴിഞ്ഞടരാത്തൊരോര്‍മ്മ
ഞാന്‍
നനയ്ക്കാതെന്നുള്ളില്‍ വിരിഞ്ഞവള്‍ നീ,
നിന്റെ നറുമണങ്ങളില്‍ നിന്നവരെന്നെ കവരും
മുന്‍പേ
പ്രിയേ, പ്രകൃതീ..





Saturday, February 21, 2009

കാത്തു നില്‍ക്കുക


നീ ഇത്ര നേരം പറഞ്ഞിടത്ത്‌
എന്റെ ആത്മാവിനെ നീ
ഉറക്കിക്കിടത്തുകയായിരുന്നുവോ?
എല്ലാം മായ എന്നു ചൊല്ലി
എല്ലാത്തിനെയും
തഴഞ്ഞു കളയാന്‍
ഞാന്‍ മുതിരുമ്പോളെന്തിനു നീ
എന്നിലൊരു കുഞ്ഞുകൂടു കെട്ടി

പാര്‍ത്തൂ....?

സ്നേഹം നിസ്സാരമാണെന്ന്
അതിനു വില
തുച്ഛമാണെന്ന്
ഞാറ്റുവേലകളില്‍ അതിനും നിറം മാറുമെന്ന്
എന്നൊന്നും ഞാന്‍
പറയുന്നില്ല.
പക്ഷെ
പക്ഷെ അറിയാതെ ഞാനത്‌ വിശ്വസിച്ചു
എന്നെ ഈ ലോകം
വിശ്വസിപ്പിച്ചു!

അതു കൊണ്ട്‌
ഞാന്‍ നിനക്കായി
കാത്തീരിക്കുന്നിടത്ത്‌,
നിന്റെ മൂക്കിന്‍തുമ്പിലൊരു
വിയര്‍പ്പുതുള്ളി
നോക്കിയിരിക്കുന്നിടത്ത്‌,
നിന്റെ ഹൃദയതാളങ്ങളിലേതോ
പുഴ തേങ്ങുന്നത്‌
ചെവിയോര്‍ക്കുന്നിടത്ത്‌,
ഞാന്‍ സ്നേഹിക്കപ്പെടാതിരിക്കാനൊരു
കടവ്‌
തീര്‍ക്കുന്നു;
നിനക്കിറങ്ങാനാവാത്ത കടവ്‌!

എന്നിലൊരു പുതപ്പായിട്ടുണ്ട്‌
നീ;
നിലാവിനു പോലും പിഴാനാവാത്ത വിധം!
എങ്കിലും
കാലത്തിനേടില്‍ ഞാന്‍ ഒരു
"സഞ്ചാരി"!


അതിനാലെന്റെ വിശ്വാസത്തിലെ
കറയുണങ്ങുന്നതു വരെയൊന്നു
കാക്കുക!
എന്നിലെ താളത്തിനിമ്പമാകും വരെ കാക്കുക!
നിനക്കുറങ്ങാനൊരു
കൂടും
നിന്‍ക്കിറങ്ങാനൊരു കടവും
ഞാന്‍ തീര്‍ത്തു കൊള്ളും വരെ
കാക്കുക!
കാത്തു നില്‍ക്കുക!