Thursday, April 3, 2008

എന്ടെ വിധി

എന്റെ ഭാഷയില്‍ തുളകള്‍ വീണിരിക്കുന്നു.
ഞാന്‍ കക്കിയതൊക്കെ പുഴുത്ത മണം;
തുപ്പലൊഴുകിയതാകട്ടേ തിളച്ച വാക്ക്‌;
എന്നിലെ തണുപ്പ്‌ കൊഴിഞ്ഞു,
എന്റെ ശിശിരം കഴിഞ്ഞു!

വസന്തത്തിലിനി,യുറങ്ങാനാവില്ലെനിക്ക്‌
ചിരിക്കുക സോദരാ..ഞാന്‍ കാറിത്തുപ്പി.
ചാഞ്ഞു കിടന്നൂട്ടുക, മുലപ്പാലിറ്റുക സോദരീ
നിനക്കിത്‌ അവസാന ഗര്‍ഭം.
ചുഴികുത്തി,ക്കൊതി വാര്‍ന്ന
ജഠരത്തിനുള്ളിലായിരം പുഴു പൂത്തടര്‍ന്ന
തുളകള്‍!

എന്റെ ഭാഷ തുളഞ്ഞു പോയ്‌
പണ്ടാരങ്ങളെന്നെയടക്കി, തള്ളിക്കടന്നു,
ചാറ്‌ നോക്കി,ക്കഴുകന്മാരിത്ര കാലം ചിറഞ്ഞു..
എന്തിനീ നാഗരികത, യെന്തിനീ പുളച്ചില്‍?

ഒന്നും നേടിത്തരാത്ത വാക്കുകള്‍,
പഴമ തേടാത്ത വാക്കുകള്‍,
ജഠരാഗ്നി കാളും വാക്കുകള്‍,
മുലയൂട്ടാത്ത, പെറാത്ത പരട്ടവാക്കുകള്‍,
ചാവില്ലാത്ത കമാനങ്ങള്‍ വാക്കുകള്‍,
തിട്ടൂരമാകാത്ത വിലാപവാക്കുകള്‍,
കേള്‍ക്കുന്നോനെ വിഴുങ്ങുമീ മറുവാക്കുകള്‍,
അര്‍ഥങ്ങള്‍ തേറ്റ നീട്ടിയീ വാക്കുകള്‍,
കാണാമറയത്തിരുന്നിനിക്കുന്ന വാക്കുകള്‍,
ചിലച്ചു തീരിലും പുളിക്കുന്ന വാക്കുകള്‍,
എനിക്കൊപ്പമീ കുലം മുടിക്കും മരണവാക്കുകള്‍,
ചത്തു ചാകാത്ത മുത്തശ്ശനും വാക്കുകള്‍,
എത്ര പറഞ്ഞാലും തീരാതീ കിനാവള്ളികളെന്നെ
ചാഞ്ഞു വലിച്ചിഴച്ചേയിരിപ്പൂ.....

"അരുതേ"യെന്നലറുമ്പോളതു പോലുമറയ്ക്കുന്നു
വാക്ക്‌..വാക്കെന്നെ വിഴുങ്ങുന്നു, പനിക്കുന്നു,
എന്നെ നോക്കിച്ചിരിക്കുന്നു, മനമെന്നിലൂട-
കലേക്കോടി,യുഴറുന്നി,ത്ര കക്കീട്ടുമവിടവിടെ-
യുരുകി, ക്കുത്തലിതളായി വിടരുന്നു.

ചാകാന്‍ വയ്യാ..
കൊല്ലാനും വയ്യാ...വാക്കില്ലാതെനിക്കൊന്നിനും വയ്യാ
.എഴുത്ത്‌ മറക്കാനിറങ്ങി മനസ്സുടഞ്ഞോന്‍,
ഇനിമയ്ക്കായി ജന്മപ്പുതപ്പെറിഞ്ഞോന്‍,
പറിച്ചെറിഞ്ഞടുത്ത കടവത്തു നിന്നോരു
തോണിയെടുത്താലു,മൊഴുകിയെന്നെ,ത്തേടി
തുഴയുന്നീ അമ്മവാക്കുകള്‍!
അക്ഷരം പഠിപ്പിച്ചോനേ...നമോവാകം!

നീറുന്ന വാക്കിലഗ്നിയാളിച്ചെറിക,
പിഴച്ച പെണ്ണിന്നു,ദരമായ്‌ ചമയുക,
ചത്ത വേശ്യ തന്‍ മുലപ്പാലി,ലിനിക്ക,
തല്ലു കൊള്ളും കുട്ടിക്കിമ നീരാവുക,
പൊഴിഞ്ഞു പോം കതിര്‍ക്കുലയിലടരാവുക,
കടം കടിച്ച കര്‍ഷക,ന്റാതപമാക,
ചണനൂലു പൊട്ടി, വഴി തെറ്റുമീ യുവതയ്ക്കുദയമാക,
വാക്കേ......വാക്കേ
ഇതാണ്‌ ദൗത്യം,
ഇതേ പോര്‍ക്കളം,
ഇതാണ്‌ നിനക്കായ്‌ ഗുരുദക്ഷിണ
സായന്തനത്തിലീ നരച്ച ക്ലാസ്‌മുറിയി,ലമ്പരന്നീ
പുസ്തകമേട്ടിലൊരു പിടി മധുരം തിരയേ
ഞാനുമറിയുന്നൂ-
പറിച്ചെറിയാനാവില്ലീ ഭാരം.

ചാകാന്‍ വയ്യാ..
കൊല്ലാനും വയ്യാ...വാക്കില്ലാതെനിക്കൊന്നിനും വയ്യാ.