Saturday, December 23, 2006

ഒന്നു നോക്കണേ..Get-Together

എന്റെ കൂട്ടുകാരെല്ലാം എത്തിയിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ എല്ലാവരും ഒന്നു ഒരുമിക്കുന്നു.
ഈ വരുന്ന തിങ്കളാഴ്ച 26th December ..
പ്രിയപ്പെട്ടവരേ..ഞാന്‍ എത്ര കൊതിച്ചതാണെന്നോ ഈ കൂടിച്ചേരല്‍!
നിങ്ങള്‍ക്കും ഇങ്ങനെ ആഗ്രങ്ങളുണ്ടൊ?
എന്നെങ്കിലും, വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ ഇതു പോലെ ഒരു get-togetherനു പോയിട്ടുണ്ടൊ? എങ്കില്‍ എന്തായിരുന്നു നിങ്ങളുടെ അനുഭവം?
ദയവായി എഴുതുക....
അറിയാനുള്ള ഒത്തിരി ആഗ്രഹത്തോടെ....
എന്റെ അനുഭവം ഞാന്‍ ഉടനെ പോസ്റ്റ്‌ ചെയ്യും..നിങ്ങളും ചെയ്യണേ....

ബലിച്ചോറുരുളകള്‍ക്ക്‌..

വീണ്ടും ഞാന്‍ ഒന്നു മടങ്ങിപ്പോകുകയാണ്‌.
എന്നു വരുമെന്നു പറയുന്നില്ല;
അറിയില്ലാത്തതു കൊണ്ടാണെന്നു വച്ചോളൂ!

എന്റെ ജാതകം തേടുവാനിനിയെത്തുന്നോനോട്‌
അതു കടല്‍ വിഴുങ്ങിപ്പോയെന്നു പറയൂ!
എന്റെയല്ലാത്ത കഥാപ്പുസ്തകങ്ങളും പേറി,
നിഴലുകളെന്നെ,യെന്തു ചെയ്‌തെന്നാരായുവോന്‌,
"നെരൂദാക്കവിതകളുടെ" ഒരു കോപ്പി നല്‍കൂ!
നാളെ അവനും നിഴലിനെ പഠിച്ചേക്കാം.

പ്രിയപ്പെട്ട സഞ്ചാരീ,
ഓരോ നിഴല്‍ക്കൂത്ത്‌ കഴിയുമ്പൊഴും,
ചിത്രവധനാടകങ്ങള്‍ക്കു ശേഷവും ,
നിറനിലാവുകളുടെ വേഷപ്രശ്ചന്നങ്ങള്‍ക്കൊടുവിലും,
പിന്നെ,മരിക്കാതെ ജീവിക്കുന്ന ഒാരോ കൂട്ടുമുഖങ്ങള്‍ക്കു മുന്‍പിലും...
എനിക്കു വല്ലാതെ നോവുന്നു;
അതോ കുളിരുന്നോ???
എനിക്കൊട്ടും വയ്യാ...
ഇങ്ങനെ അഭിനയിച്ചു ചിരിച്ച്‌ഞാന്‍ മടുത്തു കൂട്ടുകാരാ........
എനിക്കിങ്ങനെ ഒരു മഴനിലാവ്‌..
ഇത്തരമൊരു നീലാകാശം..
അഴുക്കു നിറഞ്ഞു പതഞ്ഞ ഈ മണ്ണ്‌..
ആര്‍ത്തിപ്പണ്ടാരങ്ങളുടെ ക്രിസ്തുമസ്‌..
ശവക്കൂട്ടങ്ങളുടെ ഓണവെയില്‍...
ഒരിക്കലും എനിക്കു രുചിച്ചെടുക്കാനാവാത്ത,ആലിപ്പഴക്കൂട്ടങ്ങള്‍...
ഒടുവിലെവിടെയോ,എന്റെ പേരിലെഴുതപ്പെടും
അവസാനത്തെ "ആറടി" ഇടപാട്‌.
ഇതൊന്നും എനിക്കു വേണ്ടാ....

കഴിയുമെങ്കില്‍ എനിക്കു നീ ഒരല്‍പ്പംസമയം കടം തരുമോ?
അല്‍പ്പം കൂടി തീര്‍ക്കാനുണ്ട്‌;
ഞാനൊരല്‍പ്പം കൂടി തീരാനും....ദഹിച്ച്‌!

ഇനി ഒരു പുതുമഴയ്ക്കും ഞാനാം തകര,
ഉയരാതിരിക്കട്ടെ..
ഒരിക്കലുമിനി ഫീനിക്സുകളുയിര്‍ക്കാതിരിക്കട്ടേ,
നിലാവുകളിനി ഒരു താരത്തെയും പെറാതിരിക്കട്ടെ..
എന്തു കൊണ്ടെന്നാല്‍,ഇന്നിവിടെ എല്ലാം ഏറെയായിരിക്കുന്നു;
തകരകളും, താരങ്ങളും ഉന്നതികളിലെഫീനിക്സുകളും!!

പോകട്ടേ സഖേ, മഴ പെയ്തു തോര്‍ന്നു..
ഇനി വൈകുവാന്‍ ന്യായമില്ല..
തിരികെയെത്താന്‍ പാതയോരങ്ങളിലെഅടയാളക്കുറ്റികളുമില്ല...
തീരം എന്നെ വിളിക്കുന്നു..
അവസാനമായി ഒന്നു ചൊദിച്ചോട്ടേ,
എനിക്കു നീയെങ്കിലും കൂട്ടുകാരനായിരുന്നോ?
അക്ഷമ തിങ്ങിയ മിഴികളിലൊരായിര,മുത്തര-
-മൊളിപ്പിച്ചു നീ കഷ്ടപ്പെടേണ്ട..
എന്നെ അടക്കിയിട്ടു പ്രിയപ്പെട്ടവള്‍ക്കുമ്മ നേരാന്‍..!!
ഒത്തിരി വൈകി ..അല്ലേ!!

ശുഭയാത്ര..
പേരറിയാത്തീരങ്ങളിലേക്കുഊളിയിട്ടു പോയ സഞ്ചാരികള്‍ക്ക്‌!!

Thursday, December 7, 2006

നിറനിലാവുകളുടെ ക്രിസ്തുമസ്‌

കര്‍ണാടകയിലെ പുതുവര്‍ഷാരംഭത്തിന്‌ "ഉഗാദി"യെന്നാണു പേര്‍. IT boomingഉം multi-city adaptationഉം ഒക്കെയുണ്ടെങ്കിലും ഓരോ കന്നഡിഗനും ഇന്നും ഉള്ളിന്റെയുള്ളില്‍, കൈക്കോട്ടുമേന്തി വരമ്പത്തു നിന്നിറങ്ങുന്ന ആ പഴയ കര്‍ഷകനാണ്‌. അതിനാലാവണം, പുതുവര്‍ഷദിനത്തില്‍, എല്ലാ ഫലങ്ങളും അരച്ചു ചേര്‍ത്ത്‌ ഒരിനം നമുക്കവര്‍ കുടിക്കാന്‍ തരും. "സാംസ്കാരികദ്യുതി"യും "ഇന്‍ഡ്യയെ തൊട്ടറിയലും" ഒക്കെ ഉള്ളിലോര്‍ത്തു വാരി വലിച്ചു കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാമറിയുന്നു, ഇതിനു മധുരമില്ലായെന്ന്!
അവിടെ തുടങ്ങുന്നു ശരാശരി മലയാളിയുടെ ഞെട്ടല്‍....എന്തേ മധുരിമയേറിയ ദിനത്തില്‍ വിളമ്പുന്നതിന്‌ മധുരമില്ലാത്തത്‌?
ഭാഷാഭേദങ്ങള്‍ക്കപ്പുറം ജിജ്ഞാസയേറുമ്പോള്‍ തല മുതിര്‍ന്നവരോട്‌ നാമാരാഞ്ഞെന്നു വയ്ക്കുക..നരച്ച പുരികങ്ങള്‍ മുകളിലേക്കുയര്‍ത്തി,സ്വതേ ചുളിഞ്ഞ നെറ്റിത്തടത്തില്‍ വീണ്ടുമായിരം ചുളിവുകള്‍ വീഴ്ത്തി അവരഭിമാനത്തോടെ പറയും "മധുരം നോക്കിയല്ല സാര്‍, ഞങ്ങളുടെ വിയര്‍പ്പിനെ നോക്കി ഒന്നു കൂടി പറയൂ.." ചോദിക്കാനുള്ള ചോദ്യങ്ങളത്രയും വെട്ടിമൂടി നാമതു പിന്നെ വലിച്ചു കുടിക്കും. കാരണം ആ മുഖങ്ങളില്‍ നാം കാണുന്നത്‌ ഏതോ കടപ്പാടോ ഔദാര്യമോ ദാനമോ,നല്‍കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഉള്ള ഔദ്ധത്യമോ നിസ്സംഗതയോ അല്ല, പിന്നെയോ അവനുയിര്‍ കൊടുത്തും വേര്‍പ്പൊഴുക്കിയും ഇക്കഴിഞ്ഞ വത്സരം സൃഷ്ടിച്ചത്‌ എനിക്കു കൂടി(ഓര്‍ക്കുക! ഞാന്‍ വെറുമൊരു വരത്തന്‍!) പങ്കു വയ്ക്കുന്നതിന്റെ സന്തോഷമാണ്‌; അഭിമാനമാണ്‌.
ഇത്‌ ഡിസംബര്‍!!
നിലാവലകളുടെ താരാട്ടില്‍ പ്രകൃതി
പൂഴിയെപ്പോലും താലോലിച്ചുറക്കുന്ന രാത്രികള്‍!
ശിശിരക്കുളിരില്‍ ആയിരമായിരം കിളിനാദങ്ങള്‍
അനന്തതയില്‍ ഒഴുകി നീങ്ങും പ്രഭാതങ്ങള്‍!
എത്ര രസമാണെന്നു നോക്കുക...........
രാത്രിമഴകളിലെ മഞ്ഞു വീണു കുതിര്‍ന്ന പുല്‍പ്പടര്‍പ്പുകള്‍ കടന്ന്, തുഷാരത്തിരശീലകള്
‍മങ്ങി വിതുമ്പുന്ന ദേവാലയദീപങ്ങളെ നോക്കി
നടന്നു തീര്‍ത്ത എത്രയെത്ര പ്രഭാതങ്ങള്‍!
ഒത്തിരി തണുത്തു ചുരുങ്ങി ഒരു മരച്ചോട്ടിലെത്തുമ്പോളേതോ
സുഹൃത്താട്ടി വിട്ട ചില്ലകള്‍പൊഴിച്ച തുഷാരബിന്ദുക്കളില്
‍നാമൊക്കെ എത്രയേറെ തരളിതരായിട്ടുണ്ട്‌!!
പള്ളിമണികളും നക്ഷത്രവിളക്കുകളും കേക്കുകളും!
ഇന്നും ഡിസംബറിന്റെ icon presentations ആയി
ഇവയത്രെ നമുക്കുള്ളില്‍ ഉയിര്‍ കൊള്ളുന്നത്‌.
അവധിക്കൂട്ടങ്ങളും കരോള്‍ഗാനങ്ങളും
പിരിവിന്നൊടുവിലെ കൂട്ടയടിയും പിന്നെയെവിടെയോ
ആരോ വച്ചുണ്ടാക്കിത്തരുന്ന കപ്പപ്പുഴുക്കും ചൂടുകാപ്പിയും!!
ഒന്നും മറക്കാനാവുന്നില്ല; അല്ലെങ്കിലും ക്രിസ്തുമസ്‌ മറവിയുതല്ലല്ലൊ.....
അതെന്നും ഓര്‍മ്മക്കുറിപ്പുകളുടേതാണ്‌.
അല്‍പ്പം കൂടി വ്യക്തമാക്കിയാല്‍ ഡിസംബര്‍ വെറുമൊരു ഓര്‍മ്മക്കുറിപ്പ്‌ മാത്രമാണ്‌; ഇന്നീ യുഗത്തിലെങ്കിലും!
ഓര്‍മ്മക്കുറിപ്പുകളിലും, സ്‌മരണ പുതുക്കലിലും ക്രിസ്തുമസുടഞ്ഞു പോകുന്നുവോ?
വെറുതെ തലയാട്ടേണ്ടാ അനുവാചകാ,
നിര്‍മമതയുടെ മൂടുപടത്തിലൊളിപ്പിച്ചു വച്ചിരിക്കുന്ന സത്വത്തെ വലിച്ചൊന്നിറക്കിക്കേ,
ഈ നനുത്ത പകല്‍ വെളിച്ചത്തിലേക്ക്‌! അതല്‍പ്പമൊരു ചൂട്‌ കൊള്ളട്ടെ!
ഏറെ നാളായില്ലേ, ജീവിതസുരക്ഷയും, ആധുനികതയും, ജീവന കലയുമൊക്കെ പറഞ്ഞു നാമോരോരുത്തരും സ്വയം മൂടി വയ്‌ക്കാന്‍ തുടങ്ങിയിട്ട്‌!
എത്ര നാളായി മനസ്സറിഞ്ഞൊന്നു തണുത്തിട്ട്‌!
എന്നെ വായിക്കുന്നോരെ, ഓര്‍ത്തെടുക്കാനാവുന്നുണ്ടോ,
എന്നാണ്‌ ഏറ്റവുമവസാനം താങ്കള്‍ മനസ്സറിഞ്ഞൊന്നു കരഞ്ഞതെന്ന്‌!
കരയാന്‍ പോലും നാമിപ്പോള്‍ പേടിക്കുന്നു;
നാം നേടിയ അറിവുകള്‍ നമ്മെ കരയാന്‍ പോലുമനുവദിക്കുന്നില്ല.
ഇതു തന്നെയാണ്‌ നമ്മുടെ ഓരോ ക്രിസ്തുജനനത്തിലും സംഭവിക്കുന്നത്‌.
എത്രയെത്ര രാത്രിക്കുളിരുകളില്‍, നമ്മുടെ പള്ളിമുറികളില്‍ ആ പാതിരിമാര്‍ "ക്രിസ്തു ജനിച്ചു"വെന്നാര്‍ത്തു പാടി. നമ്മളിലെത്ര പേര്‍ക്ക്‌ തോന്നി അവന്‍ ജനിച്ചുവെന്ന്‌! (അവന്‍ ജനിച്ചിരുന്നോ എന്നു പോലും ഇഴ കീറി ചികയുന്ന ബാല്യങ്ങളുടെ നാട്ടില്‍, നമുക്കും വേണ്ടേ ഒരു ചോദ്യം എന്ന് അല്ലേ....) പാവം ക്രിസ്തു.. ഇന്നവന്‍ ജനിക്കുകയല്ലല്ലോ...ജനിപ്പിക്കുകയല്ലേ നമ്മള്‍!
ഓരോ ഡിസംബറും നമ്മുടെ നാഥയ്ക്കു സിസേറിയനാ! ഉള്ളഴിഞ്ഞുയിര്‍ തന്നു നാഥനെ ലോകത്തിനേകാന്‍ ഇറങ്ങിയവള്‍, വീര്‍ത്ത ഉദരവും താങ്ങി, എന്റെ പടിവാതില്‍ക്കലും എത്തി തിരികെപ്പോയിട്ടുണ്ടാവും! അറിഞ്ഞോ അറിയാതെയോ ആട്ടിയകറ്റിയിട്ട്‌ നാമോരോ ഡിസംബര്‍ 25 നും ഉണ്ണീശോയെ വിളിക്കും;"വാ...വന്നു പിറക്ക്‌!" ചലമടിഞ്ഞ മനക്കോട്ടകളില്‍, ജീവിതവ്യഗ്രതയുടെ ഹൃദയ ഇടനാഴികളില്‍, മോഹാര്‍ത്തി പൂണ്ട തലച്ചോര്‍ കൊട്ടാരങ്ങളില്‍ പിറക്കാനാവാതെ വിഷമിക്കുന്നവനെ, പിന്നെ നമ്മള്‍ പിറപ്പിക്കുകയായി. "സിസേറിയനാണേലും കുഴപ്പമില്ല; അമ്മയില്ലേലും കുഴപ്പമില്ലാ......അവനൊന്നു പിറന്നാല്‍ മതി!" എതിരേല്‍ക്കാനുള്ള കൊതിയല്ലിത്‌, അപ്പുറത്തെ വീട്ടിലവന്‍ പിറന്നെങ്കില്‍ ഇവിടെയുമവന്‍ പിറന്നേ തീരൂ.......ക്രൈസ്തവശാഠ്യം! പത്രോസുമാര്‍ ഇന്നും ജീവിച്ചിരിക്കുന്നു.
പിറന്നാലുമില്ലെങ്കിലും പട്ടുതുണിയിലൊരു മണ്‍കട്ട പൊതിഞ്ഞു തൊട്ടു വണങ്ങി നാമൊക്കെ അവന്റെ ഓര്‍മ്മ ആഘോഷിക്കും. അതേ..സ്‌മരണദിനം! നമുക്കെത്ര പേര്‍ക്കു ഗാന്ധിയോടു സ്‌നേഹം തോന്നിയിട്ടുണ്ട്‌ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍? ഗാന്ധിജയന്തികള്‍ കലണ്ടര്‍ക്കോളങ്ങളിലെ ചുവപ്പുകട്ടകള്‍ മാത്രമാണല്ലോ? അതു പോലൊരു ഓര്‍മ്മയാണോ നമുക്കൊക്കെ ഇന്നു ക്രിസ്തുമസ്‌? ഡിസംബര്‍ 25 = ക്രിസ്തു ജനിച്ചു ; നമുക്കതു വേറൊരു അവധിദിനം മാത്രമായി പോകുന്നുവോ?
ക്രിസ്തുമസ്‌ ഇന്നു ഉത്‌സവങ്ങളുടെ ദിനമാണ്‌. മുമ്പ്‌ പറഞ്ഞതു പോലെ നക്ഷത്ര വിളക്കുകളും കരോള്‍ ഗാനങ്ങളും കേക്ക്‌ കഷണങ്ങളും! ജനിച്ചവനെയാരും തിരിച്ചറിയുന്നില്ലയോ? പലപ്പോഴും പിള്ളക്കച്ചയില്‍ 12 മണിക്ക്‌ പിറക്കുന്ന ഉണ്ണീശോ, പുലര്‍ച്ചകളില്‍ പൊട്ടിയ മദ്യക്കുപ്പികള്‍ക്കിടയില്‍, പേപ്പട്ടികള്‍ക്കിരയായി, മാംസപിണ്ഡമായി മാറിപ്പോകുന്നു. ഡിസംബറിന്റെ ശാപം അതൊരു ഓര്‍മ്മക്കുറിപ്പ്‌ മാത്രമാണെന്നുള്ളതത്രെ!
കന്നഡിഗനിലെ കര്‍ഷകനെ മറന്നുവോ?...മറക്കരുത്‌...
നാമോരോരുത്തര്‍ക്കുമായി വിലയേറിയതൊന്നു ചൊല്ലിത്തരുന്നുണ്ടവന്‍!
ക്രിസ്തു !! .............................നാഥനായും രാജാവായും എല്ലാത്തിനുമുടമയുമായി ഉന്നതികളില്‍ നിറക്കൂട്ടുകളില്‍ നാം കണ്ട ദൈവദര്‍ശനം! അപ്പത്തിന്റെ നിസ്സാരതയും, വീഞ്ഞിന്റെ പങ്കുവയ്കലും മറന്നിട്ടല്ലിതു പറയുക; എങ്കിലും മിക്കപ്പോഴും ക്രിസ്തു നമുക്കു രാജാവ്‌ മാത്രമായിപ്പോകുന്നു. ബഹുമാനപ്പെട്ട പ്രസിഡണ്ട്‌ അബ്‌ദുള്‍ കലാമും ഞാനുമായി എന്തു ബന്ധം? അദ്ദേഹം ഭരിക്കുന്നു; ഞാന്‍ ഭരിക്കപ്പെടുന്നു; അതിനും മുകളില്‍? ഒന്നുമില്ല, അദ്ദേഹത്തിനെന്തു പറ്റിയാലും എനിക്കൊന്നുമില്ല. കാരണം അദ്ദേഹം എന്റെയാരുമല്ലെന്നതു തന്നെ! ഇതാണോ എനിക്കും നിനക്കും ക്രിസ്തു? നമ്മുടെ കുറവുകളറിഞ്ഞവന്‍, നമുക്കും അവനുമിടയിലുണ്ടായേക്കാവുന്ന ഈ വഴിയകലവും മുന്‍പേ കണ്ടു. അതു കൊണ്ടാണല്ലോ , ഓരോ ക്രിസ്തുമസിലും അവനെന്നില്‍ വീണ്ടും ജനിക്കുന്നുവെന്ന സത്യം നിത്യഹരിതമായിരിക്കുന്നത്‌!! അവിടെ അവന്‍ എന്റേതാകുന്നു, ഉണ്ണീശോ എനിക്കുള്ളില്‍, എന്റെ ശുശ്രൂഷയ്ക്കായി, എന്റെ പരിലാളനയ്‌ക്കായി എന്നെക്കാത്തിരിക്കുന്നു. ബന്ധങ്ങളുടെ ഊഷരഭൂമികളില്‍ കാലയാപനം നടത്തുന്നവര്‍ക്കും പറയാം, "ഇതാ, എനിക്കും സ്‌നേഹിക്കാനൊരാള്‍" എന്ന്!
കര്‍ഷകനെപ്പോലെ, ഇക്കഴിഞ്ഞ നാളിലത്രയും അവന്‍ നമുക്കു പിറകെ അദ്ധ്വാനിച്ചു;വിയര്‍പ്പൊഴുക്കി. നമ്മളവന്‌ എത്ര ഗത്‌സമെനികളൊരുക്കി! പേപ്പട്ടിയെപ്പോലെ പുറകെയലഞ്ഞവന്‌ അവസാനം കണ്ടുമുട്ടുമ്പോള്‍ അഭിമാനത്തോടെ പകര്‍ന്നു നല്‍കാനുള്ളത്‌ മധുരമല്ല; സ്വര്‍ഗമാണ്‌....തന്നെത്തന്നെയാണവന്‍ എനിക്കു നല്‍കുക! അതു കൊണ്ടു തന്നെ ഓരോ ക്രിസ്തുമസും പങ്കുവയ്പിന്റേതാകുന്നു; ഇല്ലായ്‌മകളുടേതും ശൂന്യവല്‍ക്കരണത്തിന്റേതുമാകുന്നു.
ഇതത്രയും വായിച്ചു ചവച്ചു തുപ്പി പേജു മറിക്കുമ്പോള്‍ നിനക്കു കിട്ടുന്ന സംതൃപ്തിയിലൊരു മാത്ര ആ പരി.അമ്മയെക്കൂടി ഒന്നോര്‍ക്കുക. ഇപ്പറഞ്ഞതെല്ലാം ജീവിച്ചു കാണിച്ചതാണവള്‍! രക്ഷകനെയും രക്ഷയേയും ലോകത്തെയും ദൈവത്തിനൊപ്പം നോക്കി നടന്നു കണ്ടവള്‍! സഹരക്ഷകയ്‌ക്കപ്പുറം രക്ഷയുടെ ഓരോ ഘട്ടത്തിലും പുത്രന്‌ വഴികാട്ടിയായവളാണ്‌ അമ്മ. അല്ലെങ്കിലും ദൗത്യങ്ങള്‍ക്കു വഴി കാട്ടാനാണല്ലോ ഈ ലോകത്തിലെല്ലാ അമ്മമാരുടെയും വിധി!! എന്റെയും നിന്റെയും അമ്മയായവളെ, ഒന്നുമാഗ്രഹിക്കാതെ രക്ഷകന്റെ ജനനമധുരത്തിലും പേറ്റുനോവളന്നു തീര്‍ത്തവളെ, നമുക്കോര്‍ക്കാം. അവള്‍ക്കന്നും ഇന്നും ഡിസംബര്‍ വേദനയുടേതാണ്‌...പേറ്റുനോവിന്റേതാണ്‌. രക്ഷ പിറക്കുന്നതിന്റെ കൊടിയ വേദന! അതു കൊണ്ടു തന്നെ ഈ ക്രിസ്തുമസ്‌ സഹനങ്ങളുടേതുമാണ്‌.നമ്മുടെ വേദനകള്‍ക്കു നേരെ ഈ ഒരു മാസമെങ്കിലും വേദനാസംഹാരികള്‍ നമുക്ക്‌ തേടാതിരിക്കാം. ഒന്നു സഹിക്കാന്‍ പഠിച്ചു നോക്കാം നമുക്ക്‌! അമ്മയ്‌ക്കൊപ്പമാണിത്തവണ ഞാന്‍ എന്റെ രക്ഷകനെ സ്വീകരിക്കുന്നതെങ്കില്‍, ഇനി എന്റെ ഓരോ ജീവിതത്തുരുത്തിലും, അവളുമവനും എനിക്കു കൂട്ടായിരിക്കും! ഇതിലുമുപരിയായി എന്തു കൂട്ടാണു സോദരാ, നമുക്ക്‌ വേണ്ടത്‌?
ഹോ.......പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങി..
വിളക്കുകളും തെളിഞ്ഞു...
പറഞ്ഞേറെ നേരം പോയി
നമുക്കുമവനെ സ്വീകരിക്കാന്‍ പോകാം..
ജനിപ്പിക്കാനല്ല,ഹൃദയത്തില്‍ അവന്‍ ജനിക്കാനായി...
കാത്തിരിപ്പിന്റെ നുറുങ്ങു വെട്ടവും പേറി..!!

Wednesday, December 6, 2006

കഴുതകളില്ലാതാകുന്നോ?

സ്വര്‍ഗമെന്റെ കാലുകളെ പൊതിഞ്ഞൊഴുകി,
യവയെന്നേ വിണ്ടു കീറിയിരുന്നു!
ആളൊഴിഞ്ഞ പാനപാത്രങ്ങളിലൊന്ന്‌
ഇന്നും നിറഞ്ഞിട്ടില്ല.

ഒലീവു കൂട്ടങ്ങളി,ലരുമ ഗുരുവൊ-
രുമ്മ പോലും കൊതിക്കാതെയീ
ജനത്തിന്നായിരം മദ്ധ്യാഹ്‌നങ്ങളേകീ,
നീട്ടപ്പെടും തവ പാനപാത്രത്തിനും
ത്വല്‍ ചെഞ്ചുണ്ടിനു,മിടയിലിനിയാരുമില്ല.

ഒറ്റയ്‌ക്കോരിത്തിരി,ക്കയ്പു കൂടി,യിനി-
യവനിലെന്‍ കാപ്പയും കലപ്പയുമേകാന്‍!
ഓതി,യരുമയോടു"ലഞ്ഞു പോമെല്ലാരു-
മിടയനെ അടിക്കുമ്പോള്‍",വിനാഴിക-
യൊന്നേറും മുമ്പെ ചിതറിയ,വനൊപ്പം ഞാനും!

കഴുതജീനികളിലുയിര്‍ കൊടുത്തോരുണ്ട്‌.
കന്മതിലിലിരമ്പി,ക്കരഞ്ഞോരുമുണ്ടേറെ.
മിഴി മാന്തിക്കീറി മഞ്ഞു തിരഞ്ഞോര-
ധികാരി, ഉന്മത്ത വര്‍ഗവുമുണ്ട്‌.

ഇവരാണ്‌ കഥ..ഇവരാണു കലാകാരി-
വരാണു നിന്റെ കഥാപാത്രങ്ങളും!

കഴുത ആണുന്നതന്‍....
കുതിര വേഗമേറ്റുന്നൊ,രിക്കലും
പതിതന്റെ വേഗത്തിലോടാനാവതില്ല.
ഒട്ടകം അവനിയിലേറെ ഉയരേ ചരിപ്പൂ,
മണ്ണ്‌ തിന്നുന്നോനെ കേള്‍പ്പാനാവതില്ല.
കഴുത നടക്കുന്നവിരാമമൊരുകുഞ്ഞു ശാപവുമുരിയാടാതെ..
നിരത്തിലിഴയുന്നോര്‍ക്കൊപ്പ,മവരുടെ
വ്യാകുലപ്പതര്‍ച്ചകളിലിടറിയും
പൊള്ളിയും കൂടെ!

അത്ര തന്നെയവന്‍, യേശുവെന്നുള്ളോന്‍
അവനായിരുന്നുത്തമ കഴുത........

മൂന്നാവര്‍ത്തി

-നീ - നിന്നാത്‌മാവ്‌ - ശരീരം.
പുഴയോളങ്ങളരുമയായ്‌ പാടിയ
നനുത്ത ഗീതങ്ങളിമ്പമായിത്ര കൂടിപ്പറഞ്ഞ-
തിന്നടിയിലൊരുപാടു ജീവനുടഞ്ഞിരിപ്പുണ്ടെന്ന്!

-സ്‌നേഹം - കാമം - ക്രോധം
നിന്റെ നിറനിലാവുകളെന്റെയാക്കവേ,
ഉള്ളിലെ "ഓംകാര"ങ്ങളെയൂറ്റി നീയാം ശംഖുടയ്കവെ,
അമ്പേറു ദൂരെയൊരു സെപ്റ്റംബര്‍ 11!

-മണ്ണ്‌ - മാനം - മിഴി
ചെറുചൂടിലീ മാരിക്കാറൊരു കുമ്പിള്‍ത്തണുപ്പാ-
യെത്തവെ, മനസ്സുറഞ്ഞു, മഴക്കാറിലന്തി-
ക്കടുപ്പു കൂട്ടാനില്ലാത്ത മിഴിനീരു കണ്ടു ഞാന്‍!

- ഞാന്‍ - ഞാന്‍ - ഞാന്
‍നിലാവു മരിക്കവേ, ചേതനകലകലവേ,
ചോദനയും ചാകവേ ...എന്തു ചെയ്യേണ്ടു,
എന്തു ചെയ്യേണ്ടു ഞാന്‍.?
പാവം..പാവം..പാവമീ ഞാന്‍!!

-പ്രലോഭനങ്ങളുടെ മൂന്നാവര്‍ത്തികളിനിയും
എന്നെക്കടന്നു പോയിട്ടില്ലല്ലോ!!

നൊമ്പരത്തോടെ ഞാനീ നേരുമിവിടെ വരയ്ക്കുന്നു...
സങ്കടക്കടലുകളില്‍,
പതിതഗത്‌സമെനികളില്‍,
വല്ലാതെ ഒറ്റപ്പെടുന്നവര്‍ക്കായി..!

http://public.fotki.com/felixwings/photography1

Tuesday, December 5, 2006

ഇത്‌ ഡിസംബര്‍!!

നിലാവലകളുടെ താരാട്ടില്‍ പ്രകൃതി പൂഴിയെപ്പോലും
താലോലിച്ചുറക്കുന്ന രാത്രികള്‍!

ശിശിരക്കുളിരില്‍ ആയിരമായിരം കിളിനാദങ്ങള്‍
അനന്തതയില്‍ ഒഴുകി നീങ്ങും പ്രഭാതങ്ങള്‍!

എത്ര രസമാണെന്നു നോക്കുക...........

രാത്രിമഴകളിലെ മഞ്ഞു വീണു കുതിര്‍ന്ന പുല്‍പ്പടര്‍പ്പുകള്‍ കടന്ന്,
തുഷാരത്തിരശീലകള്‍മങ്ങി വിതുമ്പുന്ന ദേവാലയദീപങ്ങളെ നോക്കി
നടന്നു തീര്‍ത്ത എത്രയെത്ര പ്രഭാതങ്ങള്‍!

ഒത്തിരി തണുത്തു ചുരുങ്ങി ഒരു മരച്ചോട്ടിലെത്തുമ്പോളേതോ
സുഹൃത്താട്ടി വിട്ട ചില്ലകള്‍പൊഴിച്ച തുഷാരബിന്ദുക്കളില്
‍നാമൊക്കെ എത്രയേറെ തരളിതരായിട്ടുണ്ട്‌!!

പള്ളിമണികളും നക്ഷത്രവിളക്കുകളും കേക്കുകളും!
ഇന്നും ഡിസംബറിന്റെ icon presentations ആയി ഇവയത്രെ നമുക്കുള്ളില്‍ ഉയിര്‍ കൊള്ളുന്നത്‌.

അവധിക്കൂട്ടങ്ങളും കരോള്‍ഗാനങ്ങളും പിരിവിന്നൊടുവിലെ കൂട്ടയടിയും പിന്നെയെവിടെയോ ആരോ വച്ചുണ്ടാക്കിത്തരുന്ന കപ്പപ്പുഴുക്കും ചൂടുകാപ്പിയും!!ഒന്നും മറക്കാനാവുന്നില്ല; അല്ലെങ്കിലും ക്രിസ്തുമസ്‌ മറവിയുതല്ലല്ലൊ.....


http://fotki.com/felixwings

Friday, December 1, 2006

വീണ്ടും?

ഒരാള്‍ വാതിലില്‍ ഒരു മുട്ടു കേട്ടു.
നോക്കിയപ്പോള്‍ ഒരു ഒച്ച്‌.!
കലി വന്നിട്ടയാ,ളതിനെ ദൂരേക്കു
വലിച്ചെറിഞ്ഞു.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം
വാതിലില്‍ വീണ്ടുമൊരു മുട്ട്‌...
നോക്കിയപ്പോളോ ..ആ പഴയ ഒച്ച്‌!

"നിനക്കെന്തിന്റെ കുഴപ്പമാണ്‌?"
അയാള്‍ ചോദിച്ചു.

ഒച്ച്‌ ക്ഷോഭത്തോടെ പറഞ്ഞു,
"ആറു വര്‍ഷങ്ങള്‍ക്കു മുന്‍പെന്തിനാണു
നിങ്ങള്‍ എന്നെ എടുത്തെറിഞ്ഞത്‌?"

അതു ചോദിക്കാന്‍ ആറു വര്‍ഷം നീണ്ട യാത്ര!!!

കള

കളയാനുള്ളതത്രേ കള,
കരയാനുള്ളവരത്രേ കള.

പറിച്ചു മാറ്റേണ്ടത്‌, പുകച്ചിറക്കേണ്ടത്‌,
പിണമാവെണ്ടത്‌, നീറി നാറേണ്ടത്‌
ചീഞ്ഞു ചുടലയ്ക്കു കൂട്ടു പോവേണ്ടത്‌..
ഇതൊക്കെയത്രെ കള.!!

കരങ്ങള്‍ക്കൂറ്റമേറവേ, കറ്റ കെട്ടി
കളം കാലിയാക്കാനവരാര്‍ക്കെ,
പുത്തന്‍ തലപ്പാവുമേന്തി നില്‍ക്കുമാ
മച്ചമ്പിയൊന്നു ചൊല്‍കീ പാണന്റെ
പാഴ്മനക്കോണിലെ "ശംശയം"!

ഏതാണു കള?

ചീര നട്ടിടത്തു നെല്ലെങ്കിലതു കള,
നെല്ലിട്ടിടത്തു ചീരയെങ്കിലതും കള.

നേരം നന്നാവതെ നില തേടിയോര്‍..
ഒരിത്തിരി വൈകി ഫലമേകുവോര്‍..
ചാര്‍ട്ടുക,ലിലഞ്ചക്കമേകുവതില്ലാത്തോര്‍...
ഇവരാണോ കള?????????
തമ്പ്രാ..തലകളില്‍ കൊടിക്കൂറക-
ളില്ലെങ്കിലീ പാവ,മ്പാണനുമൊരു കള.!

ചങ്കു വേവുമ്പോ,ളടിയനിടറിപ്പറയുന്നൂ,
"ഒരേയൊരു സത്യമേയുള്ളൂ..ഒരു സത്യവുമില്ലായെന്ന്!"
വരമ്പത്തിരിപ്പോരെ, തലപ്പാവുള്ളോരെ,
നിങ്ങളാണവര്‍, കള-വിളകളെ വേര്‍ത്തിരിപ്പോര്‍!

പിന്നെ കളം നിശബ്ദമായി..എന്നത്തേയും പോലെ.

മഞ്ഞു വീഴും മുമ്പെ കറ്റ കെട്ടിത്തീര്‍ത്ത
ചിരുതയാ പാണന്നുടുക്കു ഒളിച്ചെടുത്തു;
ചോര പുരളാതെ!!!!!!

ബലിയാകാത്ത കുഞ്ഞാട്‌

നീട്ടി നിറകുമ്പിളൂര്‍ത്തിയാ
നാണയക്കൂമ്പാരങ്ങളെ വിലയായി,
വീണ്ടുമൊരു ജീവനായി,
നിറവിന്റെ നനവൊത്ത മെത്തയായ്‌,
ചേര്‍ത്തു ഞാനേന്തിയൊരു കുഞ്ഞാടിനെ
തിരുദേവാലയ മുറ്റങ്ങളില്‍ നിന്നും!!

കാതങ്ങള്‍ക്കകലേക്കു കാലടി വച്ചതും,
എതിര്‍ദിശയിലാര്‍ത്തനായി പാഞ്ഞതും,
നിനക്കല്ലൊ.....നിനക്കായല്ലോ കുഞ്ഞേ.....
ഒരു കുഞ്ഞെങ്കിലുമീ,യര്‍ഥശൂന്യമാം,
ദേവാലയദഹനങ്ങളില്‍ നിന്നു രക്ഷയാവാന്‍!!

കുരിശേന്തി ഞാനേകി രക്ഷ..
ലോകമെന്നിട്ടുമെന്തിനു നിന്നെയറുക്കുന്നുവോ?
ദൈവമെന്ന കൂട്ടിലെന്നെ അടച്ചവരെവിടോ
വിരുന്നു പോകുന്നു...മാനസാന്തരപ്പെടുന്നു!
മഴക്കാടുകളിലായിരം കുളം കുഴിച്ചേറെ,
ചേറൂറ്റി സഭാഗാനം പാടുന്നു...ചലം ചുമക്കുവോര്‍!!

ഈ ഒരു കുഞ്ഞാടെങ്കിലും ബലിയാവാതിരിക്കട്ടെ..
മടങ്ങുക കുഞ്ഞേ..മലഞ്ചെരിവുകളിലേക്ക്‌..
ഞാനും മടങ്ങുന്നു
ദൈവക്കൂട്ടിലേക്കും...അല്ലാതെന്ത്‌?

അനന്തത - അസംഖ്യത - നിസ്സാരത

ഇവിടെ ഒരു മരുഭൂമി.........അനന്തത!
അവിടെയൊരു നാടോടിക്കൂട്ടം......അസംഖ്യത!
അവര്‍ക്കൊരു കോപ്പ വെള്ളം...നിസ്സാരത!

അവര്‍ക്കൊരിക്കലൊരു വഴിതെറ്റല്‍....നിശ്ചലത!
അവരിലേക്കോരൊ പകല്‍ച്ചൂടും......നിസ്സംഗത!

ഒരു മരണഗാനം തുടങ്ങുന്നു,
ഇനിയെന്തുണ്ടാവാം?

ക്ഷാത്രവീര്യം കഠാരത്തുമ്പുകളില്‍
ചോര നിറച്ചൊടുവിലൊരുവനാ
കോപ്പയേന്തുന്നു...കടക്കുന്നു മരുഭൂമി!
ഒരുവന്‍ മാത്രം...വീണ്ടും നിസ്സാരത!!

മറ്റൊന്ന്............

രാത്രിക്കു തിന്നാനാ,ക്കൂട്ടരൊന്നാകെ,
പിണക്കൂട്ടങ്ങളായി പിറക്കേ,യാക്കോപ്പ-
യിലതു പടി ശേഷിപ്പൂ ജലം...!
മരണം മുറിച്ചു കടന്നിരിക്കുന്നു, എല്ലാവരിലേക്കും!
കൂട്ടമൊന്നാകെ............വീണ്ടും അസംഖ്യത!!

ഒറ്റിക്കൊടുക്കപ്പെട്ടവന്റെ കൃതജ്ഞതാഗീതം

ധീരമാം സ്നേഹമേ ശാന്തി.....
ആരറിഞ്ഞീ വഴിയിലൊടുവിലത്തെ
യാത്രക്കാരനാണെന്ന്!ആരറിഞ്ഞീ വിളമ്പുന്ന അത്താഴം
ഒടുവിലത്തേതല്ലെന്ന്!

താന്‍ തീര്‍ത്ത വറചട്ടിയില്‍ വീണ്‌
തനിയെ പുകഞ്ഞവന്‍...
നാള്‍വഴിയിലിവനിന്നു നാമമില്ല.
നാട്ടുവഴിയിലീ മുഖമോര്‍മ്മയില്ല.
എന്നാലുമെന്‍ നിലവിളിക്കിടയിലെ
കണ്ണീരിലൂറുന്നു മനുജന്‍!!

ഊട്ടിയില്ലെ ഞാനാം വിരുന്നു നിന്നെ
നിന്‍ നിറമിഴികള്‍ ചത്വരലോകം തുറക്കെ..
നിറച്ചുണ്ടിട്ടുമാര്‍ക്കോ വേണ്ടി മല താണ്ടിട്ടും
കളപ്പുരയേറെ നിറച്ചിട്ടുമെന്തേ ജീവനകന്നു പോയ്‌?
എന്തിനേന്തി നീ കരയാനനുവദിക്കാ ജ്ഞാനം?

കാലിത്തൊഴുത്തില്‍ പിറന്നവന്‍
അമരങ്ങളന്തിക്കണിയറയാക്കിയോന്‍കു
രിശോടു ചേര്‍ത്തറുക്കപ്പെട്ടവനൊ-
രുവനെക്കുറിച്ചു പറയാന്‍
പൊന്നു പാകുമോരള്‍ത്താര തീര്‍പ്പുവോ നീ?

എന്നെയല്ലോ ചുട്ടു കൊല്ലുന്നിവര്‍, നിത്യമെ-
ന്നെയല്ലോ ചില്ലിലിട്ടു വില്‍ക്കുന്നിവര്‍!

എല്ലാ ഓടകളുമെന്നിലേക്ക്‌..
ഞാനോ അസ്തമയ സമുദ്രത്തിലേക്ക്‌..
എന്റെ ഹിതങ്ങള്‍ക്കു കുറുകെ
മാറ്റാന്റെ ഹിതം തറച്ചതീ കുരിശ്‌!
മണ്ണു നാറുമതിന്നാലെറിയുക കുറ്റമേന്തുന്നോനെ
മരക്കൂട്ടിലന്തിക്കുംഭൂമിക്കും മദ്ധ്യെ ........അതുമീ കുരിശ്‌!!
ചിതയ്ക്കരികെ തീ കായുവോരേ, ചിത
ആഹരിപ്പതൊരു ജീവന,തിനു ശവമെന്നു പേരെങ്കിലും!
നന്ദി ചൊല്‍വൂ വെണ്‍കുടിരങ്ങളേ,
അല്‍പ്പനീത്തെണ്ടി,ക്കുടലിലീ ജന്മപരിഹാര-
ബലിക്കല്ലിലൊരു ദഹനബലി കൂടി നേരാന്‍..

അന്തിക്കും ഭൂമിക്കുമിടയിലൊരു ബലിക്കല്ല്!!